പ്രേമസാന്ദ്രമ, ല്ലാനന്ദത്തിൻ
കുളിരും പൂന്തെന്നലും
കേറിയിട്ടില്ലെന്നുടെ മനസ്സിൽ,
നടുമുറ്റം ശൂന്യമാണെന്നും,
പൂക്കൾ വിടരാൻ മറന്നിടും.
കണ്ണുനീർപ്പുഴത്തീര-
ത്തലകൾ തല തല്ലി-
ക്കരയും വേരറ്റൊരി-
ക്കാഞ്ഞിരക്കൊമ്പിൽ കാട്ടു-
വള്ളിയിൽ നിദ്രാശൂന്യം
രാത്രിയിൽ നീറും മിന്നാ-
മിന്നുപോലിരിപ്പു ഞാൻ.
ഒഴുകും നിലാവിന്റെ നൂലുകൾ,
വിടർന്ന നീൾമിഴികൾ പാളിച്ചുകൊ-
ണ്ടപ്സരസ്സുകൾ,
ദേവദാരുവിൻ ചുവട്ടിലെ
ഭാവതാരള ്യം പൂണ്ട ജ്വാലകൾ,
വിലാസിനീലതകൾ രാഗോഷ്മളം
പുൽകുവാൻ കൊതിക്കു, മെന്നാകിലും
തരില്ല ഞാ, നെന്നിലെ താളം ലയം
അർദ്ധമീലിതമെന്റെ മിഴിയിലുറങ്ങട്ടെ!
ബിന്ദുവായ് മുളച്ചണിമുത്തായി
പരുത്ത വെൺചിപ്പിയിൽ തപസ്സി-
രുന്നെന്റെ കൺമിഴികളിലുജ്ജ്വല-
പ്രകാശമായനന്താനന്ദം തേങ്ങി-
യുലഞ്ഞു; നീയാം സ്വപ്നമുതിർന്നൂ?-
കൊഞ്ചിക്കളമൊഴിയിൽ പാടീടുകെ-
ന്നോമനേ നീയെപ്പൊഴും.
നീലവാനിടത്തിലെത്താരത്തിൽ വിരിഞ്ഞീടു-
മായിരമിതൾ നീർത്തും താമരപ്പൂവിൻതാഴെ
രാജഹംസങ്ങൾ മണിക്കൊക്കുകൾ തമ്മിൽത്തമ്മി-
ലുരുമ്മീ പ്രേമാമൃതമന്ത്രണം നുകരുമ്പോൾ
അല്പമെൻ കാതിൽ കാറ്റേ പകരൂ,
ഹർഷോന്മാദം പാടിടും വെൺമേഘമായ്
ഹേമശൈലത്തിൻചുറ്റും.
ഞാനോ നിന്റെ സത്തയിൽ
സ്വപ്നംപോലെ, യാതിരക്കുളിർപോലെ
ഒഴുകുന്നൊഴുകാതേ-
യുറങ്ങുന്നുറങ്ങാതേ,
മുന്തിരിച്ചാറോ മുത്തേ
നീയെനിക്കേകീടുന്നൂ?
താരകേ, രാജാങ്കണനൃത്തവേദിയിൽ മാത്രം
കാൽച്ചിലമ്പിളക്കാതെയെന്നിലേയ്ക്കൊഴുകില്ലേ?
ദേവീ, നിൻ നേദ്യം നുണഞ്ഞെന്റെ മോഹത്തിൻ
ദാഹഭൂമിയിൽ വർഷർത്തുവിന്നമൃതം തളിക്കില്ലേ?
പ്രേമമാണെന്നോ,
പ്രേമവ്യഥയാണെന്നോ,
വിരഹാത്മനിർവൃതിയെന്നോ-
യെന്തുമേ വിളിച്ചീടാം;
വിശ്വമാണെങ്കിൽ, നീയില്ലെങ്കിലോ ശൂന്യം, സാന്ദ്ര-
നീലിമയില്ലാ, രാഗച്ഛവിയില്ലാത്മാനന്ദം
നിറയില്ലെന്നിൽ, താളമേളമില്ലെന്നിൽ,
രാഗവീണയില്ലെന്നിൽ, വിരൽത്തുമ്പിലീമരണവും
പേറി ഞാനാത്മാവില്ലാതെത്രമേലലയണം!