ദീപപ്രഭയിലുറക്കമുണർന്നു കരഞ്ഞു…
ഒരു ചെറുതാരകപോലും
കണ്ണുമിഴിക്കാൻ പേടി-
ച്ചൊളിവിലൊതുങ്ങിയ രാത്രി!
കടലൊരു ഗാനം
കരയൊരു തേങ്ങൽ
ഇടയിൽച്ചിറകു മുളയ്ക്കും രാത്രി
വിതുമ്പി വിതുമ്പിയിരിക്കേ,
പരിചയമില്ലാത്തവനിയിലാരും
പറയാ, തറിയാ, തമ്മ കരഞ്ഞു-
കരഞ്ഞു തളർന്നു മയങ്ങീ…
അരികിൽത്തേങ്ങാനറിയാതേ
ദ്രുതതരമിളകിത്തിരിയും ഭൂമിയി-
ലൊരുതരി കൽക്കരിപറ്റുമ്പോലെ-
യുഷസ്സിലുറഞ്ഞൊരു മേഘം പോലെ
നിതാന്തയുഗങ്ങടെ യവനിക
നീങ്ങിയ വിടവിൽക്കൂടെ-
യൊരുന്മാദത്തിൻ ചലനംപോലെ-
യിരുട്ടിൽ വന്നു പിറന്നൂ ഞാൻ…
വഴിതെളിയിക്കാൻ,
ഒരു നീർമണിയായ്
ദാഹമകറ്റാൻ,
പൊളിച്ചു കടക്കാൻ വെമ്പീ ഞാൻ,
ശൂന്യതമാത്രം മുന്നിൽ…
ചിതയിലുയർന്ന പുകച്ചുരുൾപോലൊരു മാനം,
വഴിയറിയാത്ത വിശാലത, കണ്ണിൽ-
തിമിരമണയ്ക്കും ഭൂമി.
ആഴമളക്കാനാവാതുള്ളൊരു
പാരാവാരം കാലം,
എങ്ങനെയാദിയുമന്തവുമില്ലാ-
ത്തിരകളിൽനിന്നു കരേറും ഞാൻ?
എവിടെ?-തേടിയ മുത്തുകളെവിടെ?
തിരയും തീരത്തലിയും നുരയും
ക്ഷണികസ്വപ്നവികാരശതങ്ങളിൽ
മധുരം നുകരുകയല്ലോ…
ഞാനോ?-കണ്ണിൻ കരയിൽ, കടലിൽ
കരിയിരുൾ വാരിത്തേച്ചും,
അന്തിക്കുളിരിൽ വിറച്ചും,
കണ്ണീരുപ്പിലുറഞ്ഞും,
നീറി മരിച്ചിട്ടുണരുന്നൂ!
നേർത്തു നനുത്തോരെൻ ഹൃദയത്തിൻ
ചുടു നെടുവീർപ്പുകൾ,
വിരലടയാളം വീഴാതുള്ളീ
വീണക്കമ്പികൾ,
കടലലതന്നിൽ തെന്നിത്തളരും,
തീവ്രവിഷാദച്ചുവയും മോന്തി-
കരിയിരുളായ്ത്തേങ്ങുന്നൂ!
ആരോ ചൊല്ലിത്തന്നൊരു മന്ത്രം,
ഹൃദയാഹ്ളാദ മനോഹരനാദം
കേട്ടു മറന്നൂ.
ചേതനയെന്നിൽ വിളറുന്നൂ,
നീരാളിക്കൈപടരുന്നൂ
ചേർത്തുമുറുക്കുന്നാഴിക്കടിയിലെ
ഗോപുരവാതിൽ തുറക്കുന്നൂ,
ഞാനൊഴുകുന്നൂ…
കരയുന്നോ?-ഞാനറിയുവതെങ്ങനെ
നീലജലത്തിൽ?
തളരുന്നോ?-ഞാനറിയുവതെങ്ങനെ-
യലമാലകളിൽ
ഒരു ഞൊടിയിടയൊന്നോർത്തോട്ടേ,
ഞാനുണ്ടോ?-കരിയിരുളായോ!