പൂത്ത വാകകൾ മഞ്ഞും ചൂടി
നിഴൽ പോലുറങ്ങുന്നു.
മുല്ലകൾ, വസന്തശ്രീ
വെൺതിരി കൊളുത്തിയോ-
രല്ലിലെത്തപോവന-
ദീപങ്ങളണഞ്ഞുപോയ്.
മാലിനിക്കകം വിങ്ങി വിതുമ്പും
ചുടുകാറ്റിലോർമ്മകൾ പിടഞ്ഞേറ്റു
കരയാൻ തുടങ്ങുന്നു.
ഉടയുന്നില്ലാ നിന്റെ വിഗ്രഹം
കരിനീല മിഴികൾ ചലിപ്പിച്ചു.
കലങ്ങിച്ചുവന്ന കൺകോണുകൾ കൂമ്പീ
നീല നീലമാം വനത്തിന്റെ
മാറിൽ നിന്നനന്തമാം
പാതയിൽ ലയിക്കുന്നൂ.
കണ്ണുനീർ വീണെൻ വഴി-
യൊഴുകിപ്പോയീ മുന്നിൽ
പർണ്ണശാലയിൽ പൂത്ത
വള്ളികൾ കരിഞ്ഞുപോയ്
താത കണ്വനും പ്രിയംവദയും
വിളർത്തു വെൺമേഘമായ്,
നിശ്വാസമായ്, എന്നെ വിട്ടകന്നുപോയ്.
വൃത്തമായ് തപോവനം,
ഹാ, മൃദുജ്യോത്സ്നാ, ശോണ-
പല്ലവം വിളർത്തുപോയ്,
അരികിൽ വനപ്പച്ചയുരുകിത്തിളച്ചു
നിൻ സ്മൃതിപോലൊലിക്കവേ
പകൽ പോയേതോ വഴി
കാത്തുനിൽക്കുവാനാർക്കു കഴിയും
തപസ്സിന്റെ തണലിൽ
തേജോ ഗോളമണ്ഡലം തുടിക്കുമ്പോൾ,
സന്ധ്യകൾഹവിർഗന്ധധൂമങ്ങൾ വാങ്ങി-
സ്സ്വർഗവാതിലും കടന്നു,
കൂരിരുളും പറന്നെത്തീ.
ചക്രവാകങ്ങൾ കൂമ്പും
താമരയ്ക്കുള്ളിൽപ്പെട്ട
വണ്ടുകൾ മൂളും രാഗഗീതികൾ കേട്ടു;
പ്രാചീവദനം നോക്കിത്തളിരിലയിൽ
തനിച്ചിരുന്നിണയെക്കാണാൻ വെമ്പി-
യന്തിയെശ്ശപിക്കുമ്പോൾ,
നീണ്ടുനീണ്ടുപോം ശൂന്യയാമിനി
ഹേമന്തത്തിൻ കുമ്പിളിൽ
കുളിർകോരിയുടജം നനയ്ക്കുമ്പോൾ
പാതിരക്കാറ്റിൽ നിന്റെ
ഗദ്ഗദം തുളുമ്പുന്നൂ,
മന്ദമായ് മധുരമാം നിൻസ്വനം
വന്നെൻ ചുറ്റുമിമ്പമാർന്നേതോ
പൂർവ്വസൗരഭം തളിക്കുന്നൂ…
“പറയാതെല്ലാമറിഞ്ഞീടുവാ-
നനസൂയയ്ക്കെന്തുപാടവം”-
സഖീ ചൊല്ലിടും സ്മിതാസ്യയായ്;
വെളിച്ചം നിറയുമെൻ കൺകളെ-
ക്കൂടെക്കൂടെയടച്ചും മിഴിച്ചുമെൻ
മൊട്ടിനെപ്പൊതിയുന്ന
തളിരായിരുന്നു ഞാൻ.
പെട്ടെന്നു കപോലത്തി-
ലൊരു തീജ്വാലയ്ക്കെന്തു കാരണം,
തെല്ലു വിശ്രാന്തിയില്ലാ?
നിറയൗവനം തുടിക്കുന്ന തനുവിൽ തളർച്ചയും
വെറുതെപ്പിണക്കവുമുടനേയിണക്കവു-
മെന്തിനെന്നറിഞ്ഞു ഞാൻ;
പൊന്നിളം വെയിലൊന്നു
തൊട്ടുപോയാലെന്തിനു
പൂങ്കവിൾ ചുവന്നു ചെന്താമര നാണിക്കണം?
അജ്ഞകൾ, തപസ്വിനീലതകൾ
പരുഷാംഗവേദമാമരം ചുറ്റി-
യുണ്മയെത്തേടീടുവോർ
ആദ്യമായനംഗാഗ്നി വർണ്ണവൈവിധ്യം കാൺകെ
ആമയം പൊറുക്കുവാനാകാഞ്ഞു
ഗാന്ധർവ്വത്തി, നില്ല നിൻ പിതാവടു-
ത്തെങ്കിലും തിരക്കിട്ടൂ…
പകലിൻ വെട്ടം പ്രേമതരളം വിമൂകമായ്
പുഷ്പകേസരങ്ങളിൽ ചുംബിച്ചു നിൽക്കും
തുഷാരങ്ങളിൽ ദാഹാനല-
ജ്വാലയായ് പടരുമ്പോൾ
വിരഹം കനൽകോരി വിതറും
യജനത്തിലുരുകിത്തീരും
ഹവിർബിന്ദുവായിരുന്ന നിൻ
ലോലമാം ശിരസ്സിലേയ്ക്കല്ലയോ
ദീപ്താരുണസ്ഫോടനം [1] പതിച്ചു!-
ഞാനിടറിത്തെറിച്ചുപോയ്.
ആശ്വസിക്കണം, മിഴി-
യൊപ്പി മാറ്റണം പ്രേമ-
ശുക്രതാരകം നിന്റെ
മൗലിയിൽത്തിളങ്ങുമ്പോൾ,
നീയണഞ്ഞല്ലോ നിന്റെ
ദൂരഗേഹത്തിൽ, പ്രിയ
രാജസൗധത്തിൽ രാഗ-
ശിഖയായ്ത്തെളിഞ്ഞല്ലോ,
ഹിമധൂസരസരസ്സെത്രമേൽ വിളിച്ചാലു-
മേകയായിനിക്കാല്യതാരകയുദിക്കണം.
ആശ്രമകവാടത്തിലോടലെണ്ണയും
വാകത്താളിയും മാത്രം
സഖിയില്ല വന്നെതിരേൽക്കാൻ.
പൂവുപോൽ ചിരിക്കുന്ന,
കാറ്റുപോൽ പിടയ്ക്കുന്ന,
പ്രിയമായ് പിണക്കിനിൻ
കവിളിൽ പരിഭവകുങ്കുമം തൂകും
സ്നേഹധാരയാം പ്രിയംവദ
ഒരു വാക്കുരയ്ക്കുവാൻ വയ്യാതെ,
ബാഷ്പാവിലം കണ്ണുകൾ മറയ്ക്കുവാ-
നാകാതെ മുഖം താഴ്ത്തി
ചിരിയും മറന്നു രാക്കിളിയോ-
ടൊപ്പം തേങ്ങി-
യിരുളിൽ കൊഴിഞ്ഞശ്രു-
നദിയായൊലിച്ചുപോയ്.
വിടരാൻ കൊതിക്കുന്ന പൂക്കളിൽ
കിനാവിന്റെ തരിയും
പെറുക്കിയിട്ടന്ത്യയാമവും വന്നൂ.
ഒരു പൊന്നിഴയായ് നി-
ന്നോർമ്മയാണല്ലോ നെഞ്ചിൽ
ഒരു നീർമുത്തായി നിൻ
ദുഃഖമാണല്ലോ കണ്ണിൽ,
ഒരു പൂമൊട്ടായി നിൻ
സുഖമാണല്ലോ ചുണ്ടിൽ,
എപ്പൊഴും നിന്നെക്കുറി-
ച്ചെന്തിനോ വെമ്പും ഹൃത്തിൽ
ഒരു വേപഥു ചുറ്റി-
പ്പറ്റി നിൽക്കുന്നൂ വീണ്ടും!
ദുർവാസാവിന്റെ ശാപം