ചിരി ഞാനറിഞ്ഞീല,
കണ്ണുനീരറിഞ്ഞീല-
ജ്ജീവിതം വിളയിക്കും
കയ്പുനീരറിഞ്ഞീല,
കാലവർഷത്തിൻ കൂലം
കുത്തുമീയൊഴുക്കിലെ-
ചെമ്പരത്തിപ്പൂവിതൾ
പോലെ ഞാനുണരുന്നൂ!
ഇള തന്നനുരാഗ-
വാഞ്ഛ ഞാനറിഞ്ഞീല,
ഇരുളിന്നാമന്ത്രണ-
ഗീതകം മുകർന്നീല,
അർദ്ധരാവിലെ ശ്ലഥ-
നിദ്രയിൽ പതിരായി
വിളറിക്കൊഴിഞ്ഞിടും
സ്വപ്നങ്ങളറിഞ്ഞീല!
പൗർണ്ണമിപ്പൂവിൻ സ്വർണ്ണ-
കേസരമുലർന്നീടും
രജനീപഥം കണ്ണിൽ
പൂത്തിരി കൊളുത്തവേ,
ഞാനറിഞ്ഞീടാതെന്റെ
പതംഗംക്ഷതമേറ്റ
മൃദുപക്ഷങ്ങൾ തല്ലി-
ത്തലയിട്ടടിക്കവേ,
അറിയാതെന്നിൽത്തേങ്ങി
നിറയും കിനാവിന്റെ
ശവകോശങ്ങൾ വാരിപ്പുണരും-
മഹാമോഹജാലങ്ങളറിഞ്ഞീല!
സത്യമായ്, നിത്യോദാര-
സൗഖ്യമായ്, പ്രാപഞ്ചിക-
ദുഃഖമാമിരുട്ടിന്റെ
കിളികൾ പൊരുന്നിരു-
ന്നുണ്ണികൾ വിരിഞ്ഞിടും
മൃതിജന്മങ്ങൾ പൂത്തു
പൂവിതൾ കൊഴിയുമീ
ചതുപ്പു നിലങ്ങളിൽ,
ചതുരക്കള്ളിക്കുള്ളിൽ,
കരുവും നീക്കിത്തോൽക്കാൻ,
തോൽവിയിലുണർന്നീടാൻ,
നോമ്പുനോറ്റിരിപ്പു ഞാൻ!