ലിരുൾക്കറപറ്റിയ കണ്ണിൽ വെറുതെ-
യൊഴുക്കും താളവുമില്ലാത്തൊരു ചെറു-
ശിഥില സ്വപ്നം ചിരിതൂകുമ്പോൾ,
കണ്ടൂ-സ്വപ്നം കണ്ടൂ-നിന്നുടെ
മങ്ങിയരൂപം, ചിന്നും മിഴികൾ
വിതുമ്പും ചുണ്ടുകൾ, പുളകം ചൂടും
തരളിത ഗാത്ര, മതെന്തൊരു സുന്ദര-
നിമിഷം, പറയാൻ വാക്കുകളില്ലാ!
രാത്രിമരിച്ചു; കരഞ്ഞൂ പൈങ്കിളി
അമ്പലമുറ്റത്തൊരു പിടി കുളിരും
മഞ്ഞും ചൂടിക്കുടകപ്പാലകൾ പൂക്കും നാളിൽ
ഈറനുടുത്തടിവച്ചു കിനാവായ്
കാതരമിഴികൾ പാളിച്ചും, മൺ-
തരികളെയാകെയുഴിഞ്ഞും പുലരി-
ക്കതിരലപോൽ ഞാൻ നടകൊള്ളുമ്പോൾ
കണ്ടൂ കണ്ണിലൊരിത്തിരി, പിന്നേ
കവിളിൽ നിറയേ, കരളിൽ നിറയേ,
താമരമൊട്ടിതൾ വിടരുമ്പോലെ
താരക കണ്ണുമിഴിക്കുമ്പോലെ
കണ്ടൂ; പിന്നേ വിദ്യുല്ലതിക-
കൾ പുൽകുമ്പോലെ
കടമിഴിതമ്മിലിടഞ്ഞു കൊരുത്തൂ;
ഞാനും നീയും മാത്രമതെന്തൊരു
നിമിഷം പറയാൻ വാക്കുകളില്ലാ!
പിന്നെക്കുന്നിൻ ചെരുവിലൊരമ്പിളി
ആരും കാണാതൊളിവിൽ നീരിൽ
പോറ്റി വളർത്തിയൊരാമ്പൽപ്പൂവായ്
നിറയെപ്പൂത്ത വനത്തിൻ കീഴെ-
യിരുട്ടിലൊളിച്ചു കളിക്കുന്നൊരു നാൾ
വെൺകൊറ്റക്കുട നീർത്തിയ, ചെമ്പൊൽ-
പ്പട്ടകൾ കെട്ടിയൊരരുണാകാശം
തൃപ്പടിയിൽവന്നുദ്ധതനായി-
ക്കവിളിൽ മുത്തംവെച്ചു ചിരിച്ചൂ,
നൂപുരമൊക്കെത്തല്ലിയുടച്ചെൻ
കാലിൽച്ചങ്ങലയിട്ടു മുറുക്കിയ-
തെന്തൊരു നീറും നിമിഷം
പറയാൻ വാക്കുകളില്ലാ!