താമര വിടരുന്നൂ
താരകോഷ്മള സ്നേഹ-
ചുംബനം നുകർന്നിതാ!
ഹർഷാമൃതം തൂകി നില്ക്കുന്നൂ,
വിരൽത്തുമ്പുകൾ തുടുക്കുന്നൂ.
ഇന്നലെസ്സുഷുപ്തിയിൽ
സാന്ദ്രമാം സമാധിയിൽ
കൺകളെപ്പൊതിഞ്ഞ
കാർമുകിലിൻ തുണ്ടും മാഞ്ഞു.
പൊന്നുഷഃകാലം നീട്ടും
താമരപ്പൂവിന്നിതൾ
തോറുമേ തിരക്കിട്ടു
ഞങ്ങളും ചുംബിക്കട്ടേ!.
കലശൽകൂട്ടും
കൊച്ചുകാറ്റാടിമരങ്ങളിൽ
കൊക്കുകളുരുമ്മുവിൻ,
വിളകൊയ്യുവാൻ തേച്ചു
മൂർച്ചകൂട്ടിയ മണിച്ചുണ്ടുമായ്
നീലാകാശസാനുവിൽ നിരക്കുവിൻ!
പ്പാടുവാൻ കൊതിപ്പവർ,
കുഞ്ഞിളം ചുണ്ടാൽ യുഗ-
ഗാനമാലപിക്കുവോർ
വരുന്നൂ, പ്രവാചകർ
പോയ കാല്പാടിൽ, കാലം
നവമായ്ക്കൊളുത്തുമീ
കതിരിൽ വെളിച്ചമായ്.
ഇളയെപ്പൊന്നാക്കുന്ന
വേർപ്പിനെപ്പറ്റി,
കണ്ണീരുതിരും
പ്രേമോൽക്കടവ്യഥയെപ്പറ്റി,
തേജഃമന്ത്രമായ് കുതികൊള്ളും
പുതുചോരയെ,
കാലവൈദ്യുതരഥം തെളി-
ച്ചമ്പിളിത്തുമ്പിൽ
ജൈത്രകാഹളം വിളിച്ചെത്തും
മനുവെപ്പറ്റി,
ജീവൽഗാനമാം താളം മാഞ്ഞു-
തേഞ്ഞുതീർന്നിടും
വിശ്വസ്നേഹഗംഗയെപ്പറ്റി
പൊന്നുഷഃകാലം നീട്ടും
താമരപ്പൂവിന്നിതൾ
തോറുമേ തൂവൽത്തുമ്പാൽ
ഞങ്ങളും ചുംബിക്കട്ടേ!