ഉള്ളിൽ കൊടുങ്കാറ്റു വീശിക്കറുത്തു
കനത്തമേഘങ്ങൾ മുരണ്ടുനീങ്ങുമ്പോഴും
ചുണ്ടിൽ പതിച്ച കരിഞ്ഞ ചിരിയുമായ്
വാടകവീടൊന്നു തേടി നടന്നു ഞാൻ.
വെളിച്ചം തരും കിളിവാതിലു, മപ്പുറ-
മഞ്ചാറു പൂച്ചെടിക്കൊന്നുനിന്നാടുവാ-
നിത്തിരി മുറ്റവും, കാറ്റും മതി, മതി.
ന്നാറ്റുവഞ്ചിപ്പൂ പഠിപ്പിച്ച പാട്ടുമായ്
പട്ടണത്തിൻ നാലുകെട്ടിൽ കടന്ന ഞാൻ
മുട്ടിത്തിരിഞ്ഞു വലഞ്ഞു നടപ്പിതാ!
ക്കെട്ടിടപ്രൗഢിയിൽ പാളിനോക്കി-
ത്തന്റെ കൊച്ചുവീ, ടേതെ,
ന്നെവിടെ, യെന്നിങ്ങനെ
ഉത്തരം കിട്ടാക്കടംകഥ മൂളി-
ക്കിതച്ചുകിതച്ചെത്ര കാതം കടന്നു ഞാൻ…
വൃശ്ചികക്കാറ്റിന്റെ വില്ലു വെച്ച
ഭസ്മക്കാവടിയാടിത്തളർന്ന ഭൂമി
ഉത്സവത്തേരിൻ വരവു നോക്കീ-
ട്ടുൾത്തടം കോരിത്തരിച്ചു നിന്നൂ.
പള്ളിക്കുറുപ്പുണർന്നേറ്റു കടുംതുടി
കൈയിലെടുത്തു വടക്കുംനാഥൻ,
പാലച്ചുവട്ടിൽ വിളമ്പിയ പാൽ വെടി-
ഞ്ഞുന്മാദമോടു നിന്നാടി നാഗം!
വിറയ്ക്കുമരയാൽ കിളിയോടു തർക്കിച്ചു:
“അന്തിയുറങ്ങാനിടം തരികില്ല ഞാൻ
പൂരം വരികയായ്, വാടകകൂട്ടണം!”
വാടക നല്കാതെ, വേറിട്ടു പോകാതെ,
പാതയോരത്തെ കുടികിടപ്പിൽ, തന്റെ
പട്ടിണിപ്പായയിൽ മുട്ടിട്ടിഴയുന്ന
കുഞ്ഞിനെക്കൊട്ടിയിരിക്കുമമ്മ
പന്തിയിൽക്കേറിത്തിരക്കാനൊരുങ്ങാതെ
പന്തലിൻ മുന്നിൽ മിഴിച്ചിരിപ്പൂ.
പട്ടുകുടക്കളിമാറ്റങ്ങൾ കാണുവാൻ,
പട്ടണക്കെട്ടുകളൊക്കെയുലയ്ക്കും
വെടിക്കെട്ടു കാണുവാൻ പോകുവതെങ്ങനെ
അത്താഴപ്പഷ്ണിയായ് എന്റെ കറുമ്പൻനായ്
ഹൃത്തിന്നടുക്കള വാതിലിൽ നില്ക്കവേ?
പൊൻപതക്കം, പട്ടുവെന്നിക്കുടകളു-
മൊക്കെത്തിരികെക്കൊടുത്തു, പഴന്തുണി
ചുറ്റിക്കുടിയൊഴിഞ്ഞാനകൾ പോയിടും.
ചപ്പുംചവറും കിളയ്ക്കും വഴിവക്കി-
ലിത്തിരി നേരം തളർച്ച തീർക്കാൻ തടു-
ക്കിട്ടു ക്ഷണിക്കുമോ പട്ടണമെന്നെയും?