ശ്യാമയാമങ്ങളെപ്പാടിയുറക്കീ,
പരാഗശിരോവസ്ത്രമൂർന്നു
വിദൂരരസാലവനങ്ങളുറങ്ങീ,
നിശാരവമൊക്കെയടങ്ങീ,
അതീന്ദ്രീയമൗനം നിറഞ്ഞൂ!
പകൽപെറ്റചൂടും
പകയും തണുത്തു,
പതുക്കെപടർന്നുവന്നേതോ
പൊടിച്ചാറ്റലെന്നെ
ക്കുളിരായ് പൊതിഞ്ഞു!
തന്നഞ്ജനപ്പേടകമൊന്നു തുറ-
ന്നബോധത്തിന്റെ സൗരഭ്യമാകെ-
ത്തെളിച്ചു, നിഗൂഢമാം
മുൾമുനച്ചുണ്ടുകൾ വെട്ടിക്കടന്നുപോയ്!
പൊട്ടുന്നു, പൊട്ടിയ-
തൊട്ടുന്നൊരോമനച്ചുണ്ടതാ മൂളുന്നു,
രാഗം, ലയം, താളനിർവൃതി ചൂഴുന്ന
ശ്യാമളാകാരമൊന്നെത്തിനോക്കുന്നു,
പിൻവാതിലിനുള്ളിൽ പതുങ്ങുന്നു പിന്നെയും!
മുങ്ങിക്കുളിച്ചും മനംവിറച്ചും
നിൻ തിരുമുറ്റത്തു
വീണുവിളിച്ചിട്ടും
എന്നെപ്പുറംതിരിഞ്ഞോടിയ മായികാ,
ഇന്നീ ശിഥിലാർദ്രസ്വപ്നത്തിൽ
വന്നർദ്ധദർശനം നല്കുവാനെന്തേ?
പാദാരവിന്ദംകൊതിച്ചീടവേ,
പീതാംബരംവീശിയോടുന്നു,
പാതയിൽപൊട്ടിച്ചിരിക്കുന്നു
നൂപുരങ്ങൾ!
കോലക്കുഴൽവിളിപാഞ്ഞുപോകുംവഴി,
നീലക്കരിമുകിൽത്തുണ്ടു മായുംവഴി,
കാറ്റിനോടൊപ്പംകിതച്ചുകാടെത്തി ഞാൻ.
പച്ചിലജാലകം പറ്റിച്ചിലയ്ക്കും കുരുവികൾ,
ചെമ്പരത്തിക്കണ്ണുരുട്ടും ചകോരങ്ങൾ,
ഉന്മത്തമാടും മയൂരങ്ങളങ്ങനെ…
മഞ്ഞനീരാടിക്കുണുങ്ങുന്ന കൊന്നകൾ
തോറും തിരക്കിട്ടുമൂളുന്ന വണ്ടുകൾ,
കാതാട്ടി മസ്തകം മെല്ലെക്കുലുക്കി-
പ്പഴങ്കഥവിസ്തരിക്കുന്ന മത്തേഭങ്ങൾ,
കാനനവീഥികൾ നീളെത്തിമർത്തു
കളിക്കുന്ന പുള്ളിമാൻകുഞ്ഞുങ്ങളങ്ങനെ…
എങ്ങെന്റെകണ്ണ,നെൻ
കണ്ണുംമറച്ചു കടന്നുകളഞ്ഞൊരെൻ
കള്ളനെക്കാണ്മീല.
മുന്നോട്ടുമുന്നോട്ടു
കാൽവെച്ചുപോയൊരെൻ
പാതചുറ്റിപ്പിണ-
ഞ്ഞെന്നെക്കുഴക്കയായ്,
നീലിച്ചരാവിൻ
ഞൊറികളിൽ വാർന്നൊരാ
വേണുസംഗീതവും
തീരേ നിലച്ചുപോയ്!
തീയും തണുപ്പുമുരച്ച പാഴ്മുള്ളുകൾ,
ശാപമോക്ഷത്തിനുദാഹിച്ചുരുൾപൊട്ടി
മണ്ണിൽപ്പുതഞ്ഞു കിടക്കുന്ന പാറകൾ,
കാറ്റൂതിപ്പെരുപ്പിച്ച
ദൂരനിശ്വാസങ്ങൾ,
ആരുമി,ല്ലാരുമില്ലേകാന്തയാമിനീ
നീരാളിയെന്നെപ്പിടിച്ചശിക്കുന്നുവോ?
വനം കടന്നെൻ വീട്ടിലെത്തുവതെങ്ങനെ?
കണ്ണനെത്തേടി കയറൂരിവന്നൊരീ
നന്ദിനിക്കെല്ലാം കടംകഥ മാത്രമായ്!
മഞ്ഞുവന്നെത്തീ,
മരവുരിപിന്നിയ മാമരം
കോച്ചിവിറച്ചു,
ഞാനിറങ്ങും കാട്ടുപൊന്തയിൽ
സർപ്പഗന്ധങ്ങൾ പടംവിരിച്ചാടി,
ഞെട്ടിത്തിരികെ-
യിരുൾക്കിളിയെൻ മിഴി
കൊത്തിയെടുത്തുപറന്നു!
കേട്ടി,ല്ലൊരജ്ഞാത ഭീതിയെൻ
കണ്ഠം ഞെരിക്കെ
വർഷത്തിലാഞ്ഞുവീശും
കൊടുംകാറ്റിലെൻ
ജാലകമാകെത്തെറിച്ചുതുറന്നുപോയ്,
നീളെ പളുങ്കുമണികൾ ചിതറി-
ക്കുതിർന്നൊരെൻ മെത്തയിൽ
ഞാനിരുന്നു…
താരിതെന്നുള്ളിൽ
തടംതല്ലിയാർക്കുന്ന കാളിന്ദിയിൽ?
നീലക്കടമ്പിന്റെ ചാഞ്ഞപൂഞ്ചില്ലയിൽ
ചാഞ്ചാടുമച്ചാരു പാദങ്ങളിൽ,
അമ്പയക്കല്ലേ നിഷാദ,
ഞാനാനന്ദമോടു
ചെന്നൊന്നു ബന്ധിച്ചിടട്ടേ!