നോർമകൾ മുറിച്ചു ഞാനീവഴി നടക്കയാം,
ഉറക്കം തീർന്നാദ്യത്തെക്കോട്ടുവായിട്ടീടുന്നു
തിടുക്കം കാണിക്കാത്ത വീട്ടമ്മപോലെൻ ഗ്രാമം.
പൊൻവിരൽതിരിനീട്ടിത്തിരയുന്നെന്തോ ചുറ്റും,
ഉച്ചലംകിതയ്ക്കുന്ന സാഗരം തീരംകേറി
എത്തിനോക്കുന്നൂ, പൊട്ടിച്ചിരിയായ് തുളുമ്പുന്നു.
വ്രീളയാൽമുഖംചായ്ച്ചു കുലവാഴകൾ നിൽപ്പൂ,
അടക്കിച്ചിരിക്കുമീപ്പൊയ്കയിൽമുങ്ങിത്തോർത്തി
ചൂളമിട്ടോടിക്കേറിയെത്തുന്നു പുലർ കാറ്റും.
“വന്നു ഞാൻ! തിരിച്ചിങ്ങുവന്നുഞാ, നുണരുവിൻ!”
എന്നു ഘോഷിക്കാനെന്റെ ഹൃദയം തുടിക്കുന്നു,
“ഓടിവന്നാശ്ലേഷിപ്പി, നോർമ്മകൾ കൈമാറുവിൻ,
എന്റെ ചുറ്റിലും തിങ്ങിക്കൂടുവിൻ, ചിരിക്കുവിൻ!
നരച്ച നഗരത്തിൻ പരുക്കൻ പ്രണയത്തിൽ
മനസ്സുംചെടിച്ചു ഞാനൊടുവിൽ തിരിച്ചെത്തി,
എന്റെകന്യകാസ്വപ്നമിവിടെത്തേന്മാവിന്റെ
കൈകളിൽകൊടുത്തതിന്നെനിക്കു വീണ്ടീടണം
എന്റെ കൊച്ചരിപ്പല്ലുവീണൊരീ മുറ്റം മുറ്റി
നിന്നുപുഞ്ചിരിക്കുന്ന തുമ്പപ്പൂവറുക്കുവാൻ,
എന്റെ കിങ്ങിണി, തള, പൊൻവളകിലുക്കങ്ങൾ
വെച്ചു ഞാൻ മറന്നൊരാ താവളം തിരക്കുവാൻ,
ആർപ്പുമായെനിക്കൊപ്പം വരുവിൻ, വിരഹത്തിൽ
പാടമൂടിയ മിഴി തിരുമ്മിതുറക്കുവിൻ!”
എന്റെയുള്ളിലും കതിർക്കുലകൾ ചാഞ്ചാടുന്നു
പട്ടിളംപുല്ലിൽ പാടവരമ്പിൽ പദംവയ്ക്കേ,
മൊട്ടിടും രോമാഞ്ചത്തിലാകവേ കുളിരുന്നൂ.
എന്റെ കൈശോരസ്വപ്നമടിവെച്ചൊരിപ്പാത,
യെന്റെകൗതുകം തിരിനീട്ടിയ പൂക്കൈതകൾ,
എത്രയെത്രയോ പൂർണ്ണവസന്തം തളിരൂട്ടി
എന്റെ കോകിലംപാടിപ്പാറിയോരീയാകാശം
സ്നേഹമന്ത്രണംകൊണ്ടു സ്വാഗതംചൊല്ലുന്നീല!
എൻമുഖംകണ്ടിട്ടറിയാത്തമട്ടിലേ നില്പൂ!
മൂക്കുത്തി വില്ക്കും കാട്ടുകൊങ്ങിണിച്ചെടികളും
കുന്നിവള്ളികൾ പടർന്നേറിയ കശുമാവിൻ
കുംഭഗോപുരംപൊങ്ങും കോട്ടകൊത്തളങ്ങളും
കുന്നിറക്കത്തിൽ പാതിപ്പൊന്തയിൽ മുഖംമറ-
ച്ചിളകിച്ചിരിച്ചോടിമാഞ്ഞിടുമിക്കൈത്തോടും
എന്നെയൊന്നിമപൊക്കിനോക്കുവാനൊരുങ്ങാതെ
എന്തിനോമുളംപടിമുഖത്താഞ്ഞടയ്ക്കുന്നു!
മിണ്ടിയാൽ കരയുന്ന ശംഖുപുഷ്പങ്ങൾ കണ്ടി-
ട്ടറിയുന്നീല, മിഴിപൂട്ടുന്നു തൊട്ടാവാടി,
മനസ്സിൽ കുശുമ്പുമായ് മാറിനിൽക്കുന്നൂ, കളി-
യാക്കുന്നു, പാളിപ്പാളിനോക്കുമീ കുളക്കോഴി!
പുലരിക്കതിരിന്റെയാദ്യസുസ്മിതം വഴി-
ഞ്ഞഴകിൽമിനുങ്ങിയ താഴികക്കുടുമയും
വെള്ളപൂശിയ പുത്തൻമതിലുംചുറ്റിത്തളിർ
വെറ്റില മുറുക്കിക്കൊണ്ടിരിപ്പൂ ശിവക്ഷേത്രം.
എന്റെ ഗ്രാമത്തിൻ പച്ചക്കുടയായ് നിവർന്നൊരീ-
യുത്സവക്കൊടിക്കൂറ പാറുമീയരയാലിൽ
പൊൻപണക്കിഴിയിട്ടുകിലുക്കി സദാ തമ്മിൽ
പന്തയം കെട്ടിക്കലഹിക്കുന്നു കുരുവികൾ.
ചാരിനില്ക്കയാം വഴിതെറ്റിവന്നണഞ്ഞപോൽ,
എങ്ങനെ ചിരിച്ചൊന്നു പന്തിയിൽക്കേറും, തേഞ്ഞ
സൗഹൃദം കനംതൂങ്ങി പുരികംചുളിക്കുമ്പോൾ.