പൊടിതുടച്ചണിയിച്ചു
രംഗത്തുവയ്ക്കുന്നു നമ്മൾ,
ഒരുനീണ്ട നൂറ്റാണ്ടി-
നോർമ്മതൻ ചിംബുകം
പൊക്കുന്ന ചിന്മയ വീണ!
മാറാപ്പിലേതോ
പഴംകഥ പോലെക്കിടന്നൂ
അക്ഷയരാഗങ്ങ, ളഗ്നിയാ-
യമൃതമായൂട്ടിയ സുകൃതിയാം വീണ!
ചിപ്പിയിൽ മുത്താക്കി
മാറ്റിയ മധുരാദ്രഭാവം
കുയിലിനെ പ്രേമിച്ചുപാസിച്ചു
പൂർണ്ണപ്രപഞ്ചത്തെ-
യുൾക്കൊണ്ട രാഗം,
ഇഴപൊട്ടിയിടറുന്ന
കരിമിഴിക്കദനത്തെ
ശ്രുതിചേർത്തുമീട്ടിയ ഗീതം,
ഒരു നൊടിയിമപൂട്ടി
നിന്നൊന്നു നുകരുകിൽ
നിമിഷങ്ങൾ നിശ്ചലമാകും!
സ്വപ്നം സ്ഫുടം ചെയ്ത
തൂലികത്തുമ്പിൻ സ്ഫുലിംഗം,
നിത്യം സമത്വാനു-
ഭൂതിയിൽ ചാലിച്ചു
വിശ്വം മുഴക്കിയ മന്ത്രം,
ഇവിടെ നിറംകെട്ടു
പതിരായ് പൊഴിഞ്ഞാർക്കു-
മില്ലാതെ പോകുന്നുവല്ലോ!
ന്നാത്മാവിലായിരം
കനലുകളുണ്ടേ കിടപ്പൂ,
മുനിയാതെ, പടരാതെ,
കരിനികരങ്ങൾ തന്നടിയിൽ
പുതഞ്ഞേ കിടപ്പൂ!
ഞങ്ങളിൽ വീണ്ടും
വിതയ്ക്കുക പുതിയ ഭൂകമ്പം!
ഒരു കൊടുങ്കാറ്റിൻ
പെരുമ്പറ കൊട്ടി
യുണർത്തുക ഞങ്ങൾ തൻ വീര്യം!
സുബ്രഹ്മണ്യ ഭാരതിയുടെ കവിത.