എനിക്കാരുമല്ലാത്തീ
മഹാനഗരം എന്നെ സ്വന്ത-
മാക്കുമീ നിമിഷത്തിൽ!
വേരുകളാഴ്ത്തിപ്പൂവും
തളിരും വാരിച്ചൂടി-
ത്തെന്നലിൽ ചാഞ്ചാടുവാൻ
ഒരുങ്ങുന്നേരം പൂർവ്വ
വല്ക്കലമിറുകുന്നൂ,
നീൾമിഴിപൊക്കിച്ചേർന്നു
നില്ക്കുന്നു ദീർഘാപാംഗൻ.
വാടകമുറിപോലും
എന്റെ പേക്കിനാക്കൾക്കു
ചിലമ്പുനല്കീടുന്നു
ഞാനിറങ്ങുമീചെറു
കൈവഴിച്ചുണ്ടിൽ പൂത്ത
മുക്കുറ്റിപോലും മുഖം
കോട്ടുന്നു കാലുഷ്യത്താൽ.
നെന്തൊരു മൗനം,
കിളി ചിലയ്ക്കുന്നില്ലാ,
കാറ്റു ചലിക്കുന്നില്ലാ,
ജനിമൃതികൾക്കൊരേ താളം,
ദിനങ്ങൾക്കൊരേ നിറം.
പൂവിനെയറിയുവാൻ,
വിതുമ്പിപ്പെയ്യും കോട-
ക്കാറിനെയുറക്കുവാൻ,
ഒരു കൺമിഴിയുണ്ടോ?
ഒരു പുഞ്ചിരിയുണ്ടോ?
നഗരം മഹാമന്ത്ര-
പ്പെട്ടിയിൽ വിരലൂന്നി-
ക്കൺ ചുവന്നുണരുമ്പോൾ,
ജനിക്കും മുമ്പേ പിഞ്ചു
മക്കളെപ്പകയൂട്ടാൻ,
ചതിയിൽച്ചൂതാടുവാൻ,
നിർദ്ദയം കല്പിക്കുമ്പോൾ,
വെളിച്ചം തുള്ളും സ്വച്ഛ-
വീഥിയിൽ കൺകെട്ടിയ
നമ്മളെത്തമ്മിൽത്തല്ലി
യുതിരാൻ വിട്ടീടുമ്പോൾ!
എനിക്കു ഭയമാണീ
മാന്ത്രികൻ വിരൽഞൊടി-
ച്ചിളകിച്ചിരിച്ചു തൻ
ലീലയിൽ രസിക്കുമ്പോൾ,
ലാക്കുനോക്കിയും
ചിറിതുടച്ചും പരുന്തുകൾ
പട്ടണച്ചന്തക്കു മേൽ
വട്ടമിട്ടുലാത്തുമ്പോൾ,
ചോരവാർന്നൊലിക്കുന്ന
ക്രിസ്തുവും കുഴലൂതും
കണ്ണനും ചതുരംഗ-
ക്കരുക്കൾ നിരത്തുമ്പോൾ!
ന്തേളുകളിഴഞ്ഞെത്തി
വാതിലിൽ മുട്ടിക്കട-,
ന്നിരിക്കാൻ വെമ്പീടുന്നു,
കോട്ടകെട്ടിയെൻമനം
കണ്ണടച്ചിരുന്നിട്ടും
തുമ്പിതുള്ളുന്നൂ, കടും-
തുടികൊട്ടുന്നൂ കരൾ!
എന്തൊരുൾഭയം
എനിക്കാരുമല്ലാത്തീ
മഹാനഗരം എന്നെ സ്വന്ത-
മാക്കുമീ നിമിഷത്തിൽ!