അവളെന്റെ മകളാണു്
എന്റെ സ്നേഹത്തിനിരയാകാൻ
വിധിക്കപ്പെട്ടവൾ!
പളുങ്കുമിഴികളിൽ നീലിമയില്ല,
തിരയനക്കമില്ല,
പ്രളയങ്ങൾക്കും കൊടുങ്കാറ്റുകൾക്കും മീതെ,
ഉച്ചസ്ഥമായ മൗനങ്ങൾക്കു താഴെ,
ചുരുട്ടിയിട്ടൊരു സമസ്യപോലെ
അവളെന്നുള്ളിൽ കൊളുത്തി വലിക്കുന്നു.
നിലവിളക്കും നെയ്പായസവും
ജന്മദിന സ്മരണകളും
വിറളിപിടിപ്പിക്കുമ്പോൾ,
മൃതപ്രായമായ സ്വപ്നങ്ങളുടെ
ശവക്കച്ചയിൽ പൊതിഞ്ഞുവച്ച
വാക്കുകൾ അഴിച്ചെടുത്തു്
വജ്രധൂളികളായി നീറ്റിയെടുക്കുന്നു.
സ്വപ്നശല്ക്കമണിഞ്ഞ
മത്സ്യകന്യകപോലെ
എന്റെ ഗർഭപാത്രത്തിന്റെ
സുഖനിർവൃതിയിൽ നീയുറങ്ങുമ്പോൾ
മഹാധ്യാനത്തിലമർന്ന ഞാൻ
മുങ്ങിനിവരുന്നതു്
ഇതാ, ഇപ്പോഴാണു്!
അടവികളോ
അനന്തസാഗരങ്ങളോ
നിനക്കു മുന്നിലില്ലെന്നു്
ഞാനറിയുന്നതിപ്പോൾ!
തീപ്പാതയിലൂടെ,
പ്രപഞ്ചതാളങ്ങളുടെ നെഞ്ചിൽ ചവിട്ടി,
ഉള്ളുരുകുന്ന ഉൽക്കയായു്
നിഴൽ വീഴ്ത്താതെ നീ കടന്നുപോകുമ്പോൾ
തിമിംഗലങ്ങളുടെ ശീതരക്തത്തിൽ
വജ്രത്തരികൾ പാറിവീണു്
ആസുരപ്രകമ്പനങ്ങളുണ്ടാകുന്നു!
യാത്രാമൊഴികളുടേയും
കടുംചായക്കൂട്ടിൽ മേളിക്കുന്ന
കൂട്ടുകാർക്കു് നീ അന്യയായിക്കഴിഞ്ഞു.
സ്വർണ്ണപഞ്ജരത്തിലെ
ശുകമിഥുനങ്ങളുടേയും
അനന്തവിശാലതയിലെ
കടലാമകളുടേയും
കഥകളിൽ നിനക്കിന്നിമ്പമില്ല.
നിനക്കാരുണ്ടു് തുണ?
പ്രജാപതികളായ സപ്തർഷികളുടെ,
അരൂപികളായ ഗന്ധർവഗണങ്ങളുടെ
അകമ്പടിയുണ്ടോ?
ഇല്ല, നീയേകയാണു്!
എന്നും!-അംബയെപ്പോലെ,
ചിലപ്പോൾ ദ്രൗപദിയെപ്പോലെ!
പൂച്ചയെപ്പോലെ പതുങ്ങി,
ഇരുണ്ട ഇടവഴികളിലൂടെ
നിനക്കു കാവൽമാലാഖയാവാൻ
ഉഴറിപ്പിടയുന്ന എന്റെ ദർശനം
നിന്നെ അലോസരപ്പെടുത്തുന്നുവോ?
നീയെന്റെ കെട്ടുതാലിയിൽ നോക്കുമ്പോൾ,
മാതൃത്വത്തെ പശുത്തൊഴുത്തിലെ
ദുർഗന്ധംപോലെ വെറുക്കുമ്പോൾ,
സ്വന്തം പേരെടുത്തു് [1] അമ്മാനമാടുമ്പോൾ
നിന്നിലെ രാസമാറ്റം ഞാനറിയുന്നു!
നീ വിശുദ്ധിയുടേയും നക്ഷത്രങ്ങളുടേയും
പകയായി മാറുകയാണോ?
കത്തുന്ന സുഗന്ധവും രക്തദാഹവും മുറ്റിയ
യക്ഷിപ്പാലയായ്,
പച്ചയിരുട്ടു പുതഞ്ഞുകിടക്കുന്ന
സർപ്പക്കാവുകളിൽ മാണിക്യം നഷ്ടപ്പെട്ടു്
ഊർദ്ധ്വദൃഷ്ടിയോടെ ഉലഞ്ഞാടുന്ന
കൃഷ്ണസീൽക്കാരമായു്
മാറുകയാണോ?
നിന്റെ മൂക്കുത്തിക്കു താഴെ,
ചുവപ്പിറ്റുന്ന ചുണ്ടുകൾക്കിടയിലൂടെ
നീണ്ടുവരുന്ന കോമ്പല്ലുകൾ
എന്നെ അസ്വസ്ഥയാക്കുന്നു!
നിന്റെ വിണ്ടുകീറിയ ഹൃദയത്തിലേക്കു നോക്കാൻ
എനിക്കു ഭയമാണു്.
കുഴിച്ചു കുഴിച്ചു നീയതു്
ഒരാഴക്കിണറാക്കിയിരിക്കുന്നു!
മെഴുകുതിരികൾ കെട്ടുപോകുന്നു,
ഗഹനമായ ഇടിമുഴക്കങ്ങൾ
മിന്നൽപ്പിണരുകളടക്കി
കുടുങ്ങിയമരുന്നു!
എന്നിൽനിന്നെത്രയോ അകലെ
ധ്രുവദീപ്തിയിൽ നീ കിതച്ചു നീങ്ങുന്നതു്
ഞാൻ കാണുന്നു.
നഷ്ടപ്പെട്ട നിനക്കുവേണ്ടി
ഞാനെത്ര കാതം നടക്കണം!
എനിക്കുവേണ്ടി നീയും!
ഒരിക്കലും ധർമ്മത്തെ രോധിക്കാത്തവൾ അരുന്ധതി.