ചെയ്തുകൊണ്ടിരിക്കുന്നു…
എന്തു ചെയ്യണമെന്നു്
നീയെന്നോടു് പറയാത്തതിനാൽ
ഞാൻ എന്തൊക്കെയോ
ചെയ്തുകൊണ്ടിരിക്കുന്നു!
ദിനരാത്രങ്ങൾക്കിടയിലെ
ഊടുവഴിയിൽ ഉരുമ്മിനിന്നു്
കറുപ്പും വെളുപ്പും തുന്നിയ
തോരണം തൂക്കുമ്പോൾ
കർമ്മകാണ്ഡങ്ങളുടെ
അർത്ഥമറിയാതെ
ഞാൻ അമ്പരന്നു നില്ക്കുന്നു!
ദലിത ദൈന്യങ്ങളുടെ ചതുപ്പുകളിലും
ചാതുർവർണ്ണ്യത്തിന്റെ ചതുരംഗത്തട്ടിലും
സംവരണത്തിന്റെ സമതലത്തിലും
ഇരട്ടകൾ പൊട്ടിച്ചിരിക്കുമ്പോൾ
കാറ്റടിച്ചു പൊഴിയുന്ന ഇലകൾ
കരിഞ്ഞമരുന്നു.
കൂട്ടിയടിക്കാതെ തുള്ളിമറിയുന്ന
ത്രാസിൻതട്ടുകൾക്കിടയിലൂടെ നീളുന്ന
സൂര്യകിരണങ്ങൾ
പുതിയ പൊടിപ്പുകൾക്കു്
തുടുപ്പും തുടിപ്പും പകരുന്നു.
തുടക്കമില്ലാത്ത
തുടർക്കഥപോലെ,
വരമ്പുകളില്ലാത്ത
വയൽപ്പരപ്പുപോലെ
സങ്കീർണ്ണമായ അതിവിശാലത
എന്നെ വിഭ്രമിപ്പിക്കുന്നു.
അതിരുകളില്ലാതെ പരന്നൊഴുകുമ്പോൾ
നേർവഴിയേതെന്നു് ചോദിക്കുന്ന
ഒരു പഥികനുമില്ല!
കാറ്റടിച്ചലറുന്ന
കൊടിക്കൂറകൾക്കു് അപസ്മാരം!
മഹാശംഖങ്ങൾക്കു് മൗനം!
ഭണ്ഡാരങ്ങളിലും
ന്യായം തൂക്കിവില്ക്കുന്ന
അന്യായച്ചന്തകളിലും
കണക്കുകൂട്ടുന്ന കംപ്യൂട്ടറിലും
തെറ്റും ശരിയും തമ്മിൽത്തമ്മിൽ
കലമ്പാതെ അടങ്ങിക്കിടക്കുന്നു.
നൂറും പാലും വെടിഞ്ഞു്
സർപ്പസന്തതികൾ പായുന്നതെങ്ങോട്ടു്?
അമൃതഗന്ധമുഴിഞ്ഞ
ദർഭാങ്കുരങ്ങളിലേക്കോ?
ജനമേജയന്റെ
യാഗശാലയിലേക്കോ?