നദിക്കക്കരെനിന്നു്
തോണിക്കാരനെ വിളിക്കാതെ
ആഴങ്ങൾ കൺപാർക്കാതെ
നീരൊഴുക്കിനു മുകളിലൂടെ
കാറ്റിൻ കഴുത്തുഞെരിച്ചു്
അമറി വരുന്ന ശബ്ദം
ആരുടേതാണു്?
കുപ്പിച്ചീളുകൾ
തണുത്ത ചോരയിലേക്കു്
വലിച്ചെറിയുന്നതാർ?
പതഞ്ഞു ചിരിക്കുന്ന പുഴയും
നിമിഷനേരം നടുങ്ങിപ്പിടയുന്നു.
കാറ്റിന്റെ ശ്രവണഗോപുരത്തിൽനിന്നു്
ഉറയൂരിപ്പറന്നുപോയ
വാക്കിന്റെ
തീനാക്കുപോലെ
കാതിൽ പൊരിഞ്ഞുപിടിക്കുന്നതു്
ആരുടെ ശബ്ദം?
നെഞ്ചിൽ തുളയുണ്ടായിരുന്നുവോ?
ചെന്നിയിൽ ചോരക്കറ വാർന്നിരുന്നുവോ?
അഴുക്കുപിടിച്ച നഖങ്ങളും
ചളിക്കുപ്പായവും
ചെമ്പൻപല്ലുകളും
ചകിരിത്താടിയും ചേർത്തുവെച്ചു്
കുഴിമിന്നിക്കണ്ണുകളാൽ
ജലബിംബങ്ങളിൽ
കല്ലെറിഞ്ഞുകൊണ്ടു്
അയാൾ പറയാൻ ശ്രമിച്ചതെന്താണു്?
കാട്ടുതേൻ കല്ലിച്ച
കൺവെള്ളയ്ക്കു പിറകിൽ
എന്തായിരുന്നു
അയാളുടെ ആഹ്ലാദം?
കവിതയോ, കതിനയോ?
കുറ്റിത്തലമുടിയിൽ
ചൂണ്ടുവിരലമർത്തി
മൺകട്ടകൾ ഞരടിയുടച്ചു്
ആകാശത്തേക്കു്
മോഹം കാറിത്തുപ്പിക്കൊണ്ടു്
അയാൾ അന്തിക്കാറ്റിനോടു് പറഞ്ഞതെന്താണു്?
കാറ്റു പറയുന്നില്ല!
കിറുക്കനെപ്പോലെ
പിറുപിറുത്തുകൊണ്ടു്
മുരണ്ടുകൊണ്ടു്
അതലറിപ്പായുന്നു
പുള്ളിപ്പാവാടയ്ക്കടിയിൽ
ചിതറിച്ചീഞ്ഞു നാറുന്ന
എന്റെ മൃതദേഹം
അയാൾ കണ്ടിരുന്നോ?
അതും കാറ്റു പറയുന്നില്ല-
ഇത്ര മാത്രം:
‘കാതോർക്കുക!
വായിച്ചെടുക്കുക!
ഇതു് നിന്റെ ഇടുക്കുവഴിയാണു്.’