ഞാനതു് കമഴ്ത്തി വെച്ചു.
മണ്ണൊഴുകിപ്പോയ
ഗുലിസ്ഥാൻ താഴ്‌വരയിൽ
വിരിച്ചിട്ട വർണ്ണപ്പരവതാനിയിൽ
കാലുകളില്ലാതെ ഒഴുകി നടന്ന
ചില്ലുമേശയിലാണു്
അതിരുന്നതു്-
സ്വപ്നങ്ങൾ നുള്ളിയിടാനുള്ള
മാന്ത്രികക്കോപ്പ!
തായ്വഴി വന്നതോ എന്നറിവില്ല,
ഉമിത്തീയിലുരുകിത്തെളിഞ്ഞു്
വാർന്നുവീണതറിഞ്ഞു.
പുഷ്യരാഗത്തിൻ കൈപ്പിടിയും
നീർമാതളപ്പൂമ്പൊടി പാറിവീണ
ഗോമേദകക്കവിളുമായി
അതങ്ങനെ
വായ്പൊളിച്ചിരുന്നു.
അരുമച്ചുവടുകൾ വെയ്ക്കെ
അടിതെറ്റി വീണതിൽ
കുലുങ്ങിക്കുഴഞ്ഞു.
ആലിൻകൊമ്പിൽനിന്നു്
ഒഴുകിവന്ന പീതാംബരം
ശിരസ്സിൽ വീണ രാധിക
ചെരിഞ്ഞ പാൽക്കുട
സ്വപ്നങ്ങളാൽ
അതിൻ ചന്തം
മിനുക്കിക്കൊണ്ടിരുന്നു.
വിശുദ്ധിയുടെ ഗർഭലവണങ്ങളിൽ
സ്ഫുടം ചെയ്ത
സ്ഫടികയൗവനത്തിൽ
ലാവണ്യരസം നിറഞ്ഞു പതഞ്ഞു
എല്ലാം നന്നായിരുന്നു-
പക്ഷേ,
ഇന്നലെ രാവിൽ
ശലഭങ്ങളുടെ കരിഞ്ഞ ചിറകും
മധുവുണങ്ങിപ്പിടിച്ച സ്പർശിനികളും
അതിൽ മുറിഞ്ഞുവീണു;
പിന്നീടു് ചോരത്തുള്ളികളും.
ഇരുമ്പാണികളാണെന്നു്,
മുലപ്പാലിൽ
തുരുമ്പു കലങ്ങിയിരിക്കുന്നെന്നു്
എന്തിനു് ഞാനറിഞ്ഞു?
ക്ലാവു പിടിച്ച സ്നേഹായനങ്ങൾക്കു്
കൂട്ടു പോകാനുള്ള
ചഷകമത്രേ ഇതു്!
കമഴ്ത്തി വെച്ചു.
നോക്കൂ,
ഇപ്പോൾ അതിലൊന്നുമില്ല!
ശുദ്ധമായ,
ശൂന്യമായ,
പളുങ്കുപാത്രം!