ആദ്യം കൺമിഴിക്കുന്നതെങ്ങോട്ടാണു്?
ഭൂമിയിലില്ലാത്ത നിറങ്ങൾക്കായി
നോക്കുന്നതു് ആകാശത്തിലോ?
ഹൃദയത്തിലില്ലാത്ത പ്രകാശം
തേടുന്നതു് ആദിത്യനിലോ?
നമുക്കറിയാം-
ഉറക്കത്തിനും ഉണർവിനുമിടയിൽ
എവിടെയോ കുഴപ്പമുണ്ടു്
എനിക്കാകട്ടെ,
ഈ ഭൂമിയോടു പറയാൻ,
പറഞ്ഞു പറഞ്ഞു്
ഉറങ്ങിപ്പോവാതിരിക്കാൻ,
ഒരുപാടു് സ്വകാര്യങ്ങളുണ്ടു്.
പങ്കുവെയ്ക്കാൻ
ഒരു കുരുടനുമില്ലാതെ
ഞാനതു് കഴുത്തിനു താഴെ
നെഞ്ചിൽ കെട്ടിത്താഴ്ത്തിയിരിക്കയാണു്.
കുരുവികൾക്കു് ചിലയ്ക്കാം
തേനീച്ചയ്ക്കാം കാറ്റിനും വിറയ്ക്കാം
ഞാൻ മാത്രം
ചലനമില്ലാതെ
ശ്വാസമില്ലാതെ
കെട്ടിക്കിടക്കുന്നു.
ഇരുട്ടിനും തണുപ്പിനുമപ്പുറം
നിങ്ങൾക്കിടയിലെ ജൈവതാപങ്ങളിൽ
എനിക്കൊരിടം വേണം!
ഭർത്താവിന്റെ നെഞ്ചിലല്ല
കുഞ്ഞിന്റെ സ്വപ്നത്തിലല്ല
വൃദ്ധസദനത്തിന്റെ
വിരക്തവർണ്ണങ്ങളിലല്ല-
എനിക്കൊരിടം വേണം!
ആറടി വേണ്ട,
ആറിഞ്ചു മാത്രം!
നിവർന്നൊന്നു നില്ക്കാൻ
കോട്ടുവായിട്ടുണരാൻ,
തോൾ കുലുക്കി വിയോജിക്കാൻ,
ഉപേക്ഷ കാണിക്കാനും
ഉറക്കെയൊന്നു പൊട്ടിച്ചിരിക്കാനും
ആർത്തുകരയാനും
അണച്ചുപിടിക്കാനും
മുഷ്ടിചുരുട്ടാനും
എനിക്കൊരിടം വേണം!
ആന്ധ്യത്തിന്റെ മുരിക്കിൻമുള്ളുകൾ
ഉരച്ചുകളഞ്ഞു് ഉഴക്കെണ്ണ തേച്ചു്
കുളിച്ചു് കുളിർന്നു്
വെറുതെയൊന്നു് നടുനിവർക്കാൻ
എനിക്കൊരിടം വേണം!
സദാചാരം വിഴുങ്ങി വിയർക്കുന്ന
മനസ്സു് വിവസ്ത്രമാക്കാൻ
വിസമ്മതിക്കുമ്പോൾ
ആർക്കോ വേണ്ടി
ഉറങ്ങിയുറങ്ങി മടുത്ത
എനിക്കുണരാൻ ഒരിടം വേണം!
എല്ലാവർക്കുമുറങ്ങാൻ
ആറടി മണ്ണ്!
എനിക്കുണരാൻ
ആറിഞ്ചു് മണ്ണു്!