മരണരതിയുടെ
ഭ്രാന്തനിമിഷങ്ങളിൽ
ജന്മാന്തരങ്ങളിലെ
പാപസ്മൃതികളിലേക്കു്
പ്രേതഭീതികളിലേക്കു്
കൂവിയുണർത്തുന്ന നീ
കിളിയല്ല,
പക്ഷിയാണു്.
എൻ കുരുവികളുടെ
ഇളം തൂവൽ മൃദുമേനിയും
ചെറുകിതപ്പും സ്നേഹസാന്ദ്രിമയും
പാടേ വിഴുങ്ങുന്ന
സ്വപ്നറാഞ്ചൻ പക്ഷി
നിൻ ചിറകിൻ നിറവും
നീളവും വീതിയും
എനിക്കജ്ഞാതം,
എങ്കിലും
കണ്ണടച്ചാൽ ഞാനതു കാണുന്നു.
അലയുന്ന പൊന്തൻമേഘങ്ങളിൽ
ധ്രുവക്കരടിയെപ്പോലെ
പുതഞ്ഞുകിടന്ന നിന്നെ
ആരാണീ
മയിൽപ്പീലി മുനമ്പിലിറക്കിയതു്?
ഞാൻ കടിഞ്ഞൂൽ പെറ്റ കിടാങ്ങൾക്കു്
എന്നകിട്ടിൽ
ഇനിപ്പും ഇടവുമില്ലെന്നു് വിധിക്കുന്ന
നീയാരു്?
കടലിടുക്കു് ചുരത്തുന്ന
ഉഷ്ണവീചികൾക്കൊണ്ടവരുടെ
അടിയുടുപ്പു് കരിച്ചു്
ഭ്രാന്തുപിടിപ്പിച്ചു നീ.
ജീർണ്ണവസ്ത്രങ്ങളിൽനിന്നു്
പിടഞ്ഞുണരുന്നതു്
വെളുപ്പൊട്ടുന്ന ശവക്കച്ചയിലേക്കെന്നു്
ആരും പറയുന്നില്ല.
ഇളനീരും പനിനീരും
തെളിനീരും പതഞ്ഞൊഴുകുന്നതു്
ഗംഗയിലേക്കെന്നു്
ആരും പറയുന്നില്ല.
ഞങ്ങൾക്കും മരണത്തിനുമിടയിലെ
തിരശ്ശീലയിൽ
കഥ പറയുന്ന വേതാളങ്ങൾ
കയറിക്കൂടിയിരിക്കുന്നു.
ചോദ്യം വറ്റിയ
കഥാസരിത്സാഗരത്തിൻ
മുണ്ഡനം ചെയ്ത മനസ്സുമുക്കി
മൂളുന്നുണ്ടു് വേതാളങ്ങൾ.
ചരക്കു നിറഞ്ഞ
പത്തേമ്മാരികളിൽ നോക്കി
പരന്ത്രീസിൽ പുലമ്പി
കച്ചവടമുറപ്പിക്കയാണവർ.
വിനോദത്തിന്റെ നങ്കൂരം നാട്ടാൻ
കടൽക്കാക്കകളെ കൊത്തിയാട്ടുന്ന
കൂറ്റൻപക്ഷിയെ
ആരും കാണുന്നില്ലേ?
വൻകരകളെ-
കരിഞ്ചിറകിനാൽ മൂടി
കടലുകളെ ക്ഷുദ്രപദംകൊണ്ടളന്നു്
ഇന്റർനെറ്റിന്റെ ഇടനാഴികളിലൂടെ
പ്രേതവേഗത്തിൽ
അരൂപിയായു് പറന്നുവീണു്
പുതിയ ഭൂഖണ്ഡങ്ങൾ വെട്ടിപ്പിടിക്കുന്ന
പരീക്ഷിത്തിൻ പുഴുവാണു് നീ.
അനക്കമറ്റ
ഞങ്ങളുടെ ജലാശയത്തിൽ
നിൻ നിലയില്ലാ ശബ്ദം
മുക്കിളിയിട്ടു് മുഴങ്ങുന്നു.
ഇരുണ്ടു കനത്ത
രാവിൻ മുടിത്തഴപ്പിൽ
വെള്ളിലത്തുമ്പത്തു്
നിലാവിറ്റിച്ചു കാട്ടി
പൂർണചന്ദ്രനെ
ചുടലയിൽ വെക്കുമ്പോൾ
നിലത്തിഴയുന്ന നിഴലുകളിൽനിന്നു്
പാതിരകൾ പടം നിവർത്തുന്നു.
പണയം വെച്ച പാതിയും
പറിച്ചെറിഞ്ഞ പാതിയും
കൂട്ടിക്കിഴിച്ചു് കിട്ടിയതു്
കൈമടക്കു നല്കി
കിടാങ്ങൾ ഉറഞ്ഞു ചിരിക്കുന്നു,
നിന്റെ അതേ താളത്തിൽ-
കൂഹു്… ഹുഹുഹൂ… ഹുഹുഹൂ…