കൈത്തലത്തിലെടുത്തു്
നക്ഷത്രങ്ങൾക്കുമപ്പുറത്തേക്കു്
അയാൾ ദൃഷ്ടി പായിക്കുമ്പോൾ
ഞാൻ വിറച്ചുപോകുന്നു.
വേരുകളടർന്ന വടവൃക്ഷം
കീഴ്മേൽ മറിയുന്നുവോ?
കയറ്റവും ഇറക്കവും
കുഴഞ്ഞുമറിഞ്ഞു്
ദിശാബോധമറ്റ എറുമ്പുകൾ
അമ്പരന്നു നില്ക്കുന്നു.
അണ തകർന്നു്
അണി മുറിഞ്ഞു്
വിസ്മയത്തിന്റെ മുൻവരമ്പിൽ കാലൂന്നി
ഭാഷണക്കൊടുംകാടുകളിലും
അധികാരക്കൊടുമുടികളിലും
ദൃശ്യസാധ്യതകൾ തേടുന്നു.
തലകീഴായി തൂങ്ങുന്ന
കിളിമൊഴികളിലെ
മഹാത്ഭുതങ്ങൾ
കറുത്ത തൂവാലകൊണ്ടയാൾ
മൂടിയിടുന്നു.
മാന്ത്രികവടിയാൽ
തട്ടിയും തടവിയും
താടിയുഴിഞ്ഞു് കീശ തപ്പിയും
മലർക്കെത്തുറക്കുന്ന
ഇരുമ്പുപെട്ടിയിൽനിന്നു്
പോസ്റ്റ് മോഡേണിസത്തിന്റെ
കുരുടിപ്പാമ്പുകൾ തല പൊക്കുന്നു.
അഗാധമായ കൊക്കയിലേക്കവ
തലകുത്തി വീഴും മുമ്പേ
ഉറുമാൽച്ചുറ്റിലുടക്കിയ
വെൺപിറാവുകളായി
പെട്ടിയിൽ വന്നു മുളയുന്നു.
തീറെഴുതിത്തന്ന
വാമൂടിക്കെട്ടിയ
മൺകുടത്തിലേക്കു്,
ആദിയുമന്തവുമില്ലാത്ത
നിഗ്രഹനിലകളിലേക്കു്
എന്റെ സർപ്പഭീതികൾ
കുനിഞ്ഞുനോക്കുന്നു.
മൊഴികളിൽ
മഹാത്ഭുതമില്ലാത്ത
കപോതശബ്ദം
തൊണ്ടയിൽ കുറുകിവറ്റുന്നു.
ഇരുളനങ്ങുന്ന കുടത്തിനകത്തു്
പരിക്കു പറ്റിയ മേഘംപോലെ
ഒരു ‘ജലഛായ’ചിത്രം.
ഭ്രൂണചലനത്തിന്റെ ആവേഗം
അതു് ഊതിക്കെടുത്തുന്നു.
നിറമില്ലാത്ത,
നിലയില്ലാത്ത
നിഴൽപ്പരപ്പിൽ
ഉദിച്ചുയരാൻ ആകാശമില്ലാതെ
തുമ്പൊടിഞ്ഞ നക്ഷത്രങ്ങൾ
അവക്ഷിപ്തമായടിയുന്നു.
കുടത്തിനകത്തു്
കുടുങ്ങിപ്പോയ ഗന്ധം
സുഗന്ധമോ, ദുർഗന്ധമോ?
പറയാനാവുന്നില്ല!