രുണ്ടുകൂടിയ മൗനം, കനത്തും
കറുത്തുമേതോ ശിലായുഗപ്രേതമായു്
എന്നകക്കാമ്പിലാണ്ടു കിടക്കുന്നു.
തള്ളിനീക്കും തിളച്ച നീരാവിയായു്
കാട്ടുപോത്തിൻ കുളമ്പൊച്ച കേൾക്കുകിൽ
പ്രാണനൂതിക്കമിഴ്‌ന്നു കിടന്നിടും.
പാഞ്ഞുകേറും കിരാതരൂപങ്ങള-
ല്ലുള്ളിലേക്കുറ്റുനോക്കും മുനവെച്ച
നേർവെളിച്ചമെൻ കാഴ്ചയ്ക്കു മുള്ളുകൾ.
പൂമരം ചാഞ്ഞു പുല്കിയും നില്ക്കവെ
താഴെ സിന്ദൂരമാടും വനശ്യാമ-
ദുർഗതൻ ശോണമൗനമായ്ത്തീർന്നു ഞാൻ.
വേടുറപ്പിച്ചു നില്പുണ്ടൊരാൺമരം
വേവുമാത്മാവിലൂറും വിയർപ്പിലും
തീരെയാകാശബിംബം മറയ്ക്കുവോൻ.
മൺതരിയെന്നു പുച്ഛിച്ചു പാദുക-
ച്ചോട്ടിലിട്ടു മെതിക്കുന്നു ഭൂമിയെ
കാമിതങ്ങൾ കടഞ്ഞെടുത്തീടുവാൻ.
എന്തൊരാവാസഭീത വ്യവസ്ഥയി-
ക്കൂറ്റനാൺപീലി നീർത്തിക്കുടയുമ്പോൾ
പാലുറയ്ക്കുന്നതിൻ മുമ്പേയിളംകതിർ
വാക്കുറഞ്ഞു ശിലകളായു് മാറുന്നു.
മാലവട്ടപ്പനകൾക്കു താഴെയായു്
മസ്തകത്തിൽ മദം പൂത്തു പൊട്ടുന്ന
കാട്ടുകൈതകൾ ചിന്നം വിളിക്കവെ,
കൊച്ചുകൊച്ചു തിളക്കങ്ങൾ, തീപ്പൊരി-
സ്വപ്നമൂതുന്ന മിന്നാമിനുങ്ങുകൾ,
മുൾപ്പടർപ്പിൽ മുഖം കോർത്തുടക്കുന്ന
രാത്രിതൻ പ്രേതമൗനമായ്ത്തീർന്നു ഞാൻ.
ക്ഷോഭസന്ധ്യകൾ വീണുടഞ്ഞാകാര-
മാർന്ന ശാപക്കടലിൻ നിറുകയിൽ
ചാന്ദ്രശൈത്യം കുടഞ്ഞസ്തചേതന
പാടകെട്ടിയ പാറയായു് മാറി ഞാൻ.
വേനലൂതിപ്പഴുപ്പിച്ചുരുക്കിയും
മുപ്പെരുമാൾ ചരിതങ്ങൾ കാതോർത്തു
നീറിനീറിപ്പതിഞ്ഞേ കിടപ്പു ഞാൻ.
നെഞ്ചിലിട്ടു തിളപ്പിച്ചു ധർമ്മങ്ങ-
ളെത്രയെത്രയലക്കി വെളുപ്പിച്ചു
കാറ്റിലായും കൊടിക്കൂറ തീർക്കുവാൻ!
മുദ്രവെച്ച പെൺവാക്കുകൾക്കില്ലാത്ത
മുക്തിയിന്നാത്മഭാരമായു് മൗനത്തി-
നാർദ്രഗർഭം കലങ്ങു, ന്നുരുൾപൊട്ടി
നാവു നീട്ടി ജ്വലിക്കുന്നു കല്ലുകൾ.
ക്കില്ല നേരവും കാലവും നീതിയും
ഞാനുണർന്നേ കിടക്കുന്നു, തൃക്കഴൽ
പൊക്കിയെന്നെയുണർത്താനൊരുങ്ങൊലാ!
കടങ്ങളല്ലോ പെരുകുന്നു, കേവല
നിദ്രയിൽ നിന്നുണർത്തുവാൻ ഞാനിനി
ഏതുണർത്തുപാട്ടങ്ങോട്ടു പാടണം?