(ലോകബോധമില്ലാത്ത പെണ്ണിന്റെ നിഷ്കളങ്കതയിൽ അവളുടെ നൈർമ്മല്യത്തിനും സൗന്ദര്യത്തിനും മാറ്റു കൂടുതലാണെന്ന ഒരു ബോധം അറിഞ്ഞും അറിയാതെയും നമ്മിൽ നിലനിന്നുപോന്നിട്ടുണ്ടു്. ബഷീറിന്റെ ‘കള്ളബുദ്ദൂസു്’ എന്ന ഈ ശുദ്ധലാവണ്യസങ്കല്പംതന്നെയല്ലേ നാടോടിസാഹിത്യത്തിലെ ‘കുഞ്ഞുപ്പെങ്ങൾ?’ പുതിയ കാലത്തുനിന്നുകൊണ്ടു് കുഞ്ഞിപ്പെങ്ങളെ പുനർവായിക്കുകയാണു് ഈ കവിത. സൂര്യനെല്ലികൾ ഓർക്കുക.)
എഴുതിരിയിട്ട വിളക്കുപോലെ,
നിറപറയ്ക്കുള്ളിലെ കതിരുപോലെ,
കരിമലക്കൂമ്പിലെ മലരുപോലെ!
തയൽവാസമില്ലാത്ത കാടകത്തിൽ
നിറമുള്ള പകലുകൾക്കൊപ്പമേറ്റം
നിറവുള്ള ചന്തം വഴിഞ്ഞു മെയ്യിൽ
തഴുതിട്ടു വാതിൽ പുറത്തു പൂട്ടി:
“മിണ്ടല്ലെ, മൂളല്ലെ പെങ്ങളെ നീ
കരുതിയിരിയ്ക്കെങ്ങളെത്തുവോളം!
ചീറ്റുന്ന കാറ്റിൽ കടൽ കണക്കെ,
രണ്ടാമനൂക്കൻ മുളങ്കാടു പോൽ,
മൂന്നാമനാളുന്ന തീനാളമായു്,
നാലാമനരിയിലേക്കമ്പുപോലെ
അഞ്ചാമനാതിരപ്പേമാരിയായു്
ആറാമനുതിരുന്ന പൂവുപോലെ
ഏഴാമനോടക്കുഴലുപോലെ
പേർ ചൊല്ലി നിന്നെ വിളിച്ചിടുമ്പോൾ
നേരെന്നു വാതിൽ തുറക്ക വേണ്ടൂ!”
മഴു തോളിലിട്ടു കൈനീട്ടി വീശി
മലനിരയ്ക്കിടയിലൂടവരു പോകും
വഴിയും കൊതിച്ചവൾ വിങ്ങിനിന്നു…
കാടുണ്ടു് മേടുണ്ടു് കടുവയുണ്ടു്
വാ പിളർന്നിഴയുന്ന നാഗമുണ്ടു്
വഴിമുടക്കുന്ന കിരാതരുണ്ടു്
പാടുന്ന പാറയിൽ മുടിയഴിച്ചി-
ട്ടാടുന്ന ഗന്ധർവ്വകന്യയുണ്ടു്
ഒഴുകുന്ന കാട്ടാറിലൂടെ നീട്ടി-
ത്തുപ്പുന്ന പാതാളയക്ഷിയുണ്ടു്
ഒരു നോക്കു കാണുവാനാർത്തിപൂണ്ടാ-
കണ്ണും കിനാവും വിടർന്നു വന്നു…
ട്ടുലയൂതി നെഞ്ചിലടുപ്പുകൂട്ടി,
കരിമുകിൽക്കൊമ്പനെ കരളിൽ നമ്പി
തൂമ്പിക്കുടം ചെരിച്ചാറൊഴുക്കി,
ആറ്റക്കിളികളെ പാട്ടിലാക്കി-
അരി ചേറ്റിയാറ്റിക്കലത്തിലിട്ടു,
പൂമ്പൊടിച്ചാറിൽ പുഴുങ്ങിവറ്റി-
ച്ചായിരം സ്വപ്നം പൊരിച്ചെടുത്തു.
പതിനെട്ടു കറിയും വിളമ്പിവെച്ചി-
ട്ടുപ്പുനീരുതിരുന്ന മിഴി വടിക്കെ
പെട്ടെന്നു് വാതിലിൽ മുട്ടു കേട്ടു.
തഴുതിട്ട വീടിന്നകത്തു കാറ്റിൻ
പഴുതിലൂടൊരു ചൂളമൊഴുകി വന്നു
ആങ്ങളക്കില്ലാത്തൊരിക്കിളിയോ-
ടീണത്തിലതു വന്നു നെഞ്ചിൽ വീണു.
കയ്യോ തുറന്നതെന്നറിവതില്ല
അരയാൽ ചിലമ്പിട്ടു തുള്ളിവന്നാ
കിളിവാതിലൊക്കെ തുറന്നതാരോ!
ചുറ്റിപ്പിടിക്കുന്ന ഗന്ധമുണ്ടു്
ചുവടെടുത്തായുന്ന താളമുണ്ടു്
തഴുതിട്ട വാതിൽ തുറപ്പതുണ്ടു്.
വിരുതിൽ വിരലിൻ കരുത്തറിഞ്ഞും
വിരിമാറിലാകെത്തളർന്നു പൂവൽ-
ക്കൊടിപോലെ വാടിക്കിടന്നു പെങ്ങൾ.
ന്നൊരു മുറിപ്പാട്ടിൽ കുയിൽ മൊഴിഞ്ഞു:
“നിധി വാരിയാനപ്പുറത്തു കേറീ-
ട്ടാങ്ങളമാരു വരുന്നതുണ്ടേ!”
കുന്നും കിടങ്ങും മറികടക്കേ
കുന്നായ്മയൊന്നും തിരിഞ്ഞിടാതെ
വഴിമറന്നേതോ ദിശക്കു പോയി…
രോടിക്കിതച്ചു നടന്നു കാട്ടിൽ
മുത്തിലും മുത്തായ കുഞ്ഞിപ്പെങ്ങൾ
കൈവിട്ട വീട്ടിൽ പൊറുതി വയ്യ!
കുതിരക്കുളമ്പടിപ്പാടു രാവിൻ
മഴയിലൂടാരോ വടിച്ചു മായ്ച്ചു
അടയാളമാരോമലിട്ടതില്ലേ?
പിടിവള്ളി തേടിയവരലഞ്ഞു.
മണിമാല പൊട്ടിച്ച മണിയുമില്ല
കുടമുല്ലയിതളും വിതറിയില്ല
കുന്നിക്കുരുമണിച്ചോപ്പുമില്ല!
മലയും മരങ്ങളും നീരൊഴുക്കും
ചരിവും ചുരവും ചതുപ്പുകളും
തിരയുവാനിനി ബാക്കിയൊന്നുമില്ല.
മഴു വലിച്ചെറിയുന്നു കുഞ്ഞാങ്ങള
എഴുകടലൊന്നിച്ചിരമ്പിനില്ക്കേ
വീണ്ടും കുയിൽ മുറിപ്പാട്ടു പാടി:
വഴിയറിയാത്തൊരു പെൺകിടാവു്
മിഴികളിൽ കാടിന്നിരുട്ടു പേറി
ചുവടുറയ്ക്കാത്ത നടത്തയോടെ.
ചുടലക്കിനാവിന്റെ ചാരമാണു്
വരിനെല്ലു കതിരിട്ട കാഴ്ച കണ്ടോർ-
ക്കിതുകണ്ടു പ്രാണൻ പൊലിഞ്ഞു പോകും.
തഴുതിട്ടു തടവറയ്ക്കുള്ളിലാക്കാൻ
നമ്പല്ലെ, വെമ്പല്ലെ വല്യാങ്ങളേ!
തള്ളിപ്പറയല്ലെ കുഞ്ഞാങ്ങളേ!”