(ഗ്രന്ഥാലോകം, 2018)
ഉണർന്നപ്പോൾ
മങ്ങൂഴമായിരുന്നു.
നിശാപുഷ്പങ്ങൾ
വിടരാൻ തുടിച്ചുകൊണ്ടിരുന്നു,
വഴിവിളക്കുകൾ
കൺതുറക്കാൻ പിടച്ചുകൊണ്ടിരുന്നു.
പകൽക്കിറുക്കിൽ
ശിരസിൽ നിന്നുതിർന്ന
നിലാത്തരികളിൽ
തൊട്ടുതൊട്ടെഴുതിയ കവിതകൾ
കീറിയെറിഞ്ഞ്
അവൾ ഇരുട്ടിലേക്കു്
ഇറങ്ങിനടന്നു.
പരുഷമായ ഈ വഴികളിലൂടെ
ഇനിയുമിങ്ങനെ
എത്രയാവർത്തി നടക്കണം?
പിറകിൽ കനം വച്ചു്
പിന്തുടരുന്ന
നിഴലിളക്കങ്ങളിലേക്കു്
തിരിഞ്ഞുനോക്കാൻ
ഭയമാണു്.
വൈരാഗിയായ കഴുകനെയും
ചുംബിച്ചുചുംബിച്ചുണർത്തി
അടിമുടി വരണ്ടുപോയി,
അവയവങ്ങൾ
അനാസക്തിയിൽ നുറുങ്ങിപ്പൊടിഞ്ഞു.
ഒന്നും വിട്ടുതരുന്നില്ല;
ജീവിതം കൈമോശംവന്നെന്നു്
കളിയാക്കുന്നു.
കൊടുമുടിയിൽനിന്നു
ഇടംതോളിലേക്കു് പാറിവീണ
ഒരു മറക്കുട [1] /ശിരോവസ്ത്രം/മൂടുപടം
വലിച്ചുപറിച്ചെറിയാൻ
അവൾ കൊതിച്ചു.
ശരീരത്തേക്കാൾ വലിയ
അടയാളമായി
അതെപ്പോഴും
രക്തമാംസങ്ങളിൽ
കപടകുണ്ഡലമായി
അള്ളിപ്പിടിക്കുന്നു.
വീതിച്ചെടുത്തതിന്റെ
വെറുംബാക്കിയായി
വഴിയറിയാതെ
ചരിത്രസന്ധികളിൽ
ഓടിനടക്കുമ്പോൾ
ആത്മഹത്യയുടെ വിധംതന്നെ
അവൾ മറന്നുപോയി.
പ്രണയത്തിന്റെ ആഴവും മുറിവും
രുചിച്ചറിയായ്കയാൽ
ചുടുകാട്ടി [2] അംഗഭംഗം വന്നു്
കാത്തുകിടക്കാൻ കഴിഞ്ഞില്ല.
നെഞ്ചുരുകി കല്ലാവുന്നതു്
എങ്ങനെയെന്നു്
ആത്മാവിലറിഞ്ഞപ്പോൾ മാത്രം
പേരു മറന്നുപോയ
ഒരു പെൺപാറയുടെ [3] മുകളിൽ
ഇടതുകാലൂന്നി
അവൾ ഓടിക്കയറി.
ഭ്രാന്തിയെക്കാണാൻ
ജനം ആർത്തിരമ്പിവന്നു.
“പാപം ചെയ്യാത്തവൻ(ൾ)
ഇവളെ [4] കല്ലെറിയട്ടെ!
എന്നു് അശരീരി മുഴങ്ങി.
കന്മഴയിൽ ശരീരം നുറുങ്ങി
ചോരപ്പുഴയിൽ പിടഞ്ഞുവീണ
അവളെ നെഞ്ചോടുചേർത്തു്
പുണർന്നുകൊണ്ട്
പാറ മന്ത്രിച്ചു:
ഇതാണെന്റെ ഉയിർപ്പു്!