(സ്ത്രീശബ്ദം 2018)
അവളാദ്യം ചവിട്ടിയതു്
കള്ളിച്ചെടിയുടെ
കൂർത്തമുഖത്തായിരുന്നു-
അറിഞ്ഞതേയില്ല.
ഇടറാതെ നടന്നപ്പോൾ
കാതോളം വിടർന്ന
കണ്ണുകൾ കണ്ടതു്
ജടവിടർത്താടുന്ന
പനമ്പട്ടകളും
ഇലത്താളം കൊട്ടിത്തുള്ളുന്ന
അരയാൽച്ചില്ലകളുമാണു്.
വിശാലതയിലേക്കു് നോക്കിയപ്പോൾ
ഇടിമിന്നലുറയൂരി
നെഞ്ചുപിളരാൻ നിൽക്കുന്ന
കരിമേഘങ്ങൾ.
ദിങ്മുഖങ്ങളെ മറയ്ക്കുന്ന
അമാവാസിപ്പൂതങ്ങൾ
അവൾക്കുചുറ്റും
നിരന്നുകഴിഞ്ഞു.
ഇരക്കാൻ നിൽക്കാതെ
ഋതുഭേദത്തിന്റെ
സുഗന്ധവാഹിയായ
കാറ്റുപോലെ
മതിലുകൾ ഭേദിച്ചു്
അവളുയർന്നു.
അമ്മയുടെ നെഞ്ചിലെ
കറുത്ത മഷിക്കുപ്പികൊണ്ടവൾ
കളങ്ങളെല്ലാം മായ്ച്ചു.
തുളസിത്തറയുടെ ചാരത്തു്
അച്ഛന്റെ കൈപിടിച്ചുനിന്ന
സ്വന്തം മകളോ
ഇവളെന്നറിയാതെ
‘അമ്മ’ അമ്പരന്നു.
യക്ഷിക്കഥകളുടെ ഭാണ്ഡം
അമ്മയെ തിരിച്ചേൽപ്പിച്ചു്
അവൾ ചോദിച്ചു:
‘പൊയ്പ്പോയ കാലത്തിന്റെ
ഇരുട്ടുമുഴുവൻ
അമ്മ ഒളിപ്പിച്ചുവെച്ചിരിക്കുന്നതു്
എവിടെയാണു്?
ഉടലിലോ.
ഉള്ളിലോ, അതോ
അച്ഛന്റെ ചൂണ്ടുവിരലിലോ?’