(ആകാശവാണി, ഡിസംബർ 2011)
എനിക്കൊരൊപ്പിൻ ബല-
മുണ്ടതെന്റെ ജീവനം
എനിക്കൊരൊപ്പിൽ വിഷ-
മുണ്ടതെന്റെ ജീവിതം.
ഉപ്പും മുളകുമൂതി
തുറുകണ്ണൻ പൂത-
ക്കനലിലിട്ടു പുകക്കും ഞാൻ,
കൊതിക്കെറുവുകളോരോന്നിൽ
പുകയൂതിരസിക്കും ഞാൻ.
സമവാക്യങ്ങൾ പൊലിപ്പിച്ചു
കലകൾക്കുള്ള നടപ്പാത
ചായ്ച്ചും ചെരിച്ചും വെട്ടി ഞാൻ.
പേനയുന്തി, അമാന്തിച്ചും
കടലാസിൻ വില, വിലകേടും
കടലായി പെരുപ്പിച്ചു.
മുളകരപ്പല്പാല്പമായു് തേച്ചിടും
കന്നിക്കോമരങ്ങൾക്കുള്ളിൽ
തുള്ളൽപ്പനി പകർന്നിടും.
ചങ്ങാത്തങ്ങളിലെപ്പൊഴും
മുള്ളാണിപ്പഴുതു പരതിടും
സർക്കാരുദ്യോഗ രസികൻ ഞാൻ
നയതന്ത്രവിശാരദൻ.
കുഴിബോമ്പുകൾ പാകിടും
ആരെന്റെ വരുതിക്കപ്പുറം
എന്നു കൺകോണിൽ കണ്ടിടും
പതിനായിരമൊതുക്കിഞാൻ
ചത്തമട്ടിൽ കിടക്കും, നീൾ-
വാലാട്ടി ചീറ്റാതുണർന്നിടും.
കുസുമം തേടി നിവർന്നിടും
അനന്തശ്രേണികൾക്കുള്ളിൽ
പതുങ്ങും ശിലാമന്ത്രികൻ.
ഒക്കെയും ഞാൻ നുകർന്നിടും
തട്ടാൻ വരുന്നതു് തക്ഷകനെങ്കിലും
സഹിപ്പീ, ലനാര്യൻ ഞാൻ.
ചെരിഞ്ഞേ നില കൊണ്ടിട്ടും
ഏതു ചോരയിലുമാറാടും
പറക്കും കനക രഥങ്ങളിൽ.
ക്കൂടതിന്നകം പൊരുളൊക്കെയും
വടിച്ചൂറ്റിപ്പടയ്ക്കട്ടേ നിര-
നിരയായു് ദൈവബിംബങ്ങൾ,
നുരയ്ക്കട്ടേ നരജന്മത്തിൽ
പരകോടികളാകട്ടെ,
ആര്യചിഹ്നങ്ങളാകാശ-
പ്പെരുമ്പറകൾ മുഴക്കട്ടെ!
മുള്ളാണിയിൽ മലമോളിൽ
തണ്ടൊടിഞ്ഞു ചെരിഞ്ഞിട്ടോ
മടിത്തട്ടിൽ മുലത്തുമ്പിൽ
പാൽനുകർന്നു ചിരിച്ചിട്ടോ
പലപാത്രപ്പകർച്ചക്കായു്
ക്യൂ നിൽക്കട്ടെ സർവരും,
‘പരിത്രാണായ സാധൂനാം’
പരിലാളിതരാവട്ടെ!
ഇരുൾക്കുത്തിൽ പതുങ്ങുവോൻ
അനക്കങ്ങൾക്കിമചിമ്മാതെ
ദേവനെച്ചൂടിയാകാശം
പിറകോട്ടു വകഞ്ഞിട്ടു
ചുരുണ്ടൊട്ടിക്കിടപ്പവൻ.
കടംകവിതചൊല്ലിയും
വിളിപ്പുറത്തെല്ലാവർക്കും
വരംനല്കട്ടെ ദൈവതം!
എല്ലാമുറങ്ങും വിനാഴിക
തിരുത്തിക്രിയ ചെയ്തീടാൻ
അസംഖ്യം ഗണിത സൂത്രങ്ങൾ.
അതിലൂടൊറ്റിയായീടും
നാടും നറുമയുമെങ്കിലും
ഒരിക്കൽപോലും ക്രുദ്ധിച്ചു
നോക്കാത്തോൻ, നേരിൻ
നേർക്കു വരാത്തവൻ
പടംപൊക്കി, വിഷംചീറ്റി
കിടാങ്ങൾക്കു ഭയം തോറ്റി
ഭരിക്കാൻ മുതിരാത്തോനീ
തണുത്തപാമ്പെന്നറിയുക!