മുനമ്പുകൾക്കിടയിലാണു്
ആത്മഹത്യകൾ നടക്കുന്നതു്,
ഞാനിപ്പോൾ
ഒരു മുനമ്പിലാണു്,
അതിന്റെ സൂചിമുനയാണു്
എന്റെ കാൽച്ചുവട്ടിൽ-
-ആത്മഹത്യ നടന്നു കഴിഞ്ഞിരിക്കുന്നു.
പെരുകിവരുന്ന ആൾക്കൂട്ടം
എന്റെ നിഴലുകളാണു്.
ഈ ഭൂമി
മുനമ്പുകൾ കൂട്ടിക്കെട്ടിയ
ഒരു കറക്കുപമ്പരം മാത്രമാണെന്നു്
എനിക്കിപ്പോൾ
ഓർക്കാനേ കഴിയില്ല.
നെഞ്ചു് പൊളിച്ചു്
പാതിയടഞ്ഞ കാഴ്ചയിലൂടെ
ആദ്യം നോക്കുന്നതു്
താഴേക്കു് തന്നെ.
തിരയിളക്കങ്ങൾക്കു താഴെ
ഒരു മൃൺമയിയുണ്ടെന്നു്
എനിക്കിപ്പോൾ
ഓർക്കാനേ കഴിയില്ല.
താലത്തിലെന്ന പോൽ നീട്ടുന്ന
തല, പാതി ചെരിച്ചു്
ആകാശചാരികളുടെ
ദൈവശൂന്യമായ വഴികളിൽ
ഞാൻ കണ്ണയക്കുന്നു.
നക്ഷത്രഗംഗകളും
ഇരുൾക്കുണ്ടുകളുമാണു്
അതിനപ്പുറമെന്നു്
എനിക്കിപ്പോൾ
ഓർക്കാനേ കഴിയില്ല.
എനിക്കിപ്പോൾ
പിൻവാതിലുകൾ ഒന്നുമില്ല.
കൂമ്പിനില്ക്കുന്ന കാവൽപ്പുരയിൽ
തുറന്നിരുന്ന അകക്കണ്ണുകൾ
ഇറുക്കിയടച്ചു്
ഞെരിച്ചുടഞ്ഞു കളഞ്ഞതു്
ഞാൻ തന്നെയാണു്.
പിറകിൽ ഒരാത്മഹത്യ നടന്നെന്നു്
സ്ഥിരീകരിക്കുന്നുണ്ടു്
ചുവടുകൾ ഉപേക്ഷിച്ചു കഴിഞ്ഞു
ശേഷക്രിയയെപ്പറ്റിയുള്ള
ചിന്ത നിരർത്ഥകം!