(പി.എസ്.സി. എംപ്ലോയീസ് യൂണിയൻ റിപ്പബ്ലിക് പതിപ്പു് 2004)
തള്ളയും? - പേരാൽക്കൊമ്പിൽ
പോരടിക്കുന്നൂ, ചുറ്റു-
മാരവം, കാക്കക്കൂട്ടം.
കൊത്തിയാട്ടിടും കുയിൽ
ക്കുഞ്ഞിനെച്ചേർത്തോതുന്നു
താതമാനസൻ കാകൻ
കനിവൂറിടും വാക്കിൽ:
“കൂട്ടിരിക്കട്ടേ, നമു-
ക്കില്ല താലോലിക്കുവാൻ
മറ്റൊരു പൂമൊ,ട്ടിതിൻ
ഞെട്ടു നീ ഞെരിക്കല്ലേ!
മുരടിച്ചൊരീ വൃക്ഷ-
ശാഖിയിൽ വസന്തത്തിൻ
കാകളിയിളം ചുണ്ടിൻ
തീർത്ഥമായ് നുകർന്നിടാം”
കനലാളിടും വട്ട-
ക്കണ്ണുകൾ ചുവന്നമ്മ
നിവർത്തീനഖം, കരി-
മേഘമായ് പുകഞ്ഞപ്പോൾ:
“തൻ കുഞ്ഞ് പൊൻകുഞ്ഞതിൽ
പതിരില്ലറിയുക
താതദൃഷ്ടിയിൽ ദുഷ്ട-
ലാക്കുള്ള നാട്യക്കാരാ!”
താഴെയോ, മരച്ചോട്ടി-
ലുരുകും പാറയ്ക്കുള്ളിൽ
ഉറങ്ങാനാകാത്തമ്മ- [1]
മനസ്സിൽ തിടുക്കങ്ങൾ,
ചെറുകാറ്റനങ്ങിയാൽ
പൂഞ്ചില്ല കിണുങ്ങിയാൽ
മൃദുകൈശോര സ്പർശം
കാതോർത്തു പിടയ്ക്കുന്നു.
കൊതിയുണ്ടുയരുവാൻ
ഹൃദയം ചുണകെട്ടു
തിരിഞ്ഞു മറിഞ്ഞുള്ളിൽ
കുഴഞ്ഞു കിടക്കിലും,
അന്നമുണ്ണുവാൻ ചോരി-
വായ്തുറപ്പതുകണ്ടു
മുലയൂട്ടുവാൻ ശിലാ
മനവും തുടിക്കുന്നു!
കാക്കകൾ കയർക്കുന്നി-
തിപ്പൊഴും കുലം മറ-
ന്നറിയാതിറ്റിപ്പോയ
സ്നേഹമോർത്തുൽക്കണ്ഠയിൽ
കാക്കകൾ പെരുകുന്ന
കാലമാ, ണാകാശത്തു
വെളിച്ചം തീരെക്കെട്ടു
താരകൾ ഞെട്ടറ്റുപോയ്
വിശ്വമാതൃത്വം വെറും
സ്വപ്നമാ, ണതിൻ നിഴൽ
പറ്റിനില്കുവാനേതു
പെൺമനസ്സിനു നേരം!
അഹല്യയുടെ ശിലാരൂപം.