(ദേശാഭിമാനി വാരാന്ത്യപ്പതിപ്പു് 1997)
അരിയ ഹൃദയ മന്ത്രാക്ഷരം
അരിവിരിച്ചാരോട്ടുരുളിയിൽ
നറുനിലാച്ചിരിപ്പൊലിമയിൽ
അണിവിരൽ കൊണ്ടുരുട്ടി ഞാൻ
എഴുതിശീലിച്ചൊരക്ഷരം.
വിരലു തൊട്ടാൽ തുളുമ്പിടും
മടുമലർപ്പൊടിക്കുറികളായ്
തിരികൊളുത്തിത്തിളങ്ങിവ
ന്നുള്ളിലാകെ ജ്വലിച്ചവൾ.
ചെറിയ പൂവൽത്തടങ്ങളിൽ
തേക്കുപാട്ടായ് നിറഞ്ഞവൾ
ആറ്റുവള്ളത്തിലാർപ്പുമായ്
കാറ്റുപായ് നീർത്തി പാഞ്ഞവൾ.
എവിടെയാണെന്റെ അക്ഷരം?
അരിയ ഹൃദയ മന്ത്രാക്ഷരം?
നെഞ്ചിലൊട്ടിയമർന്നവൾ
തൊട്ടിലാട്ടുന്ന താരാട്ടിൽ
താളമിട്ടേ വളർന്നവൾ.
അച്ഛനമൃതാൽത്തഴപ്പിച്ച
സ്വച്ഛമാമരഛായയിൽ
ഇച്ഛപോൽ രസഭാവങ്ങൾ
ക്കിലയിട്ടാനയിച്ചവൾ.
കാമമോഹ ദലങ്ങളിൽ
കർമ്മ സൗന്ദര്യ ദർശന-
ത്തേൻ പുരട്ടി മിനുക്കിയോൾ.
നാൾക്കുനാൾ വായ്ച്ച തേൻതുള്ളി
നൊട്ടിനൊട്ടി നുണക്കുമ്പോൾ
അർഥശങ്കക്കിടം നൽകാ-
തെന്നെ വാരിപ്പുണർന്നവൾ.
എവിടെയാണെന്റെ അക്ഷരം?
അരിയ ഹൃദയമന്ത്രാക്ഷരം?
പാഴ്ക്കിനാവിലുറഞ്ഞുവോ?
നഗരമോടികളാക്ഷേപ-
ച്ചിരിയോടാട്ടിയകറ്റിയോ?
കിളികൾ കൊഞ്ചിപ്പാലൂറി
കതിരുലാവും പുഞ്ചയിൽ
പതിരുമുറ്റും ദുഃഖത്താൽ
കാടുകേറി മറഞ്ഞുവോ?
എവിടെയാണെന്റെ അക്ഷരം?
അരിയ ഹൃദയമന്ത്രാക്ഷരം?
പാണനാരുടെ പാട്ടുംപോയ്
കളമെഴുത്തിൻ വിരുതെല്ലാം
പടിയിറങ്ങിയൊഴിഞ്ഞുംപോയ്.
മച്ചകത്തിന്നിരുൾ പേറും
ബന്ധനങ്ങളറുത്തീടാൻ,
കാവുതീണ്ടിയറിഞ്ഞീടാൻ
ചുട്ടെടുക്കണമക്ഷരം.
വരമഴിഞ്ഞു മൊഴിഞ്ഞീടാൻ
ഉതിരമുതിരും വാക്കിന്നാ-
യുഴറി നിൽപൂ ദേവിമാർ
പാടവക്കിലിരുന്നീടും
പാമരന്റെ വിരുന്നുണ്ണാൻ
ചിറകു വെച്ച ശുകം നിന്റെ
വരവുനോക്കിയിരിക്കുന്നു.
പുതിയ പാട്ടിന്നു പദമാകാൻ
ഉലയിലെരി പൊരികൊള്ളുന്നോർ,
മലചവിട്ടി വിളിക്കുന്നോ,-
ർക്കരികിലേക്ക് തിരിച്ചു വരൂ!
ഇവിടെ നിന്നെയിരുത്തീടാൻ
പണികയില്ലൊരു മന്ദിരവും
നിറക നീ മതിലില്ലാതേ
അറിക ഞങ്ങളെ നേരോളം!
വ്യഥിതഹൃദയ മന്ത്രാക്ഷരം?
ദലിത ഹൃദയമന്ത്രാക്ഷരം?