(ചന്ദ്രിക 2002)
കാതിലിറ്റു വീഴുന്നു, നിമിഷങ്ങൾ
കുന്നുപോലെ കനംവെച്ചു ജീവനെ
ചുട്ടെരിക്കുന്നു രാപാതിമായുമ്പോൾ.
പാവമീയച്ഛൻ! ആകെ പരിഭ്രാന്തൻ
‘ആണു തന്നെയോ? പെണ്ണോ പതിവുപോൽ?
ഉത്തരം കാത്തിരുൾത്തിണ്ണയിൽ മുറി-
ബീഡി കത്തിച്ചുറങ്ങാതിരിക്കയാം.
പത്തു സെന്റിൽ പതപ്പിച്ച പച്ചയിൽ
മണ്ഡരി പ്രേതനൃത്തം മുറുകുന്നു
കൊറ്റിനില്ലാത്തപാടം പണിയാതെ
കൊറ്റികൾ ധ്യാനമൂകമിരിക്കുന്നു.
പത്രവൃത്താന്ത കൗതുകം നിത്യവും
നൂറുതേച്ചു രസിക്കുന്ന ഭീതികൾ
ജാതകത്തീയിലെണ്ണ പകരുമ്പോൾ.
മൂന്നു പെൺമക്കളായിനിന്നീടുമ്പോൾ,
വൃക്ക വിൽക്കാ, തിളംചുണ്ടിലന്നമായ്
നഞ്ഞുതേച്ചുമ്മ മൂടിയുറക്കാതെ
നാലു കാലിൽ നടത്തും തലവര
മായ്ക്കു മാൺതരിക്കായ് നോറ്റിരിക്കയാം
ഉള്ളതൂരിക്കൊടുത്തു കരുത്തേറ്റി
ഉമ്മറത്തൊരു വീര്യം വളർത്തണം
പത്തു ക്ലാസു പഠിപ്പിച്ചു കംപ്യൂട്ടർ
കൂടിയൊപ്പിച്ചു കേമനാക്കീടണം!
ഉണ്ണിമാങ്ങകൾ കേട്ടുവോ? മാവില-
ച്ചില്ലകൾ തലയാട്ടിയോ? ഗദ്ഗദം
ചേർത്തമർത്തും കരിയിലച്ചുണ്ടുകൾ
കാറ്റു കാൽച്ചോട്ടിലിട്ടു ഞെരിച്ചുവോ?
വാതിൽ പാതി തുറക്കും പ്രസൂതിക
താതനെ കണ്ണുകാട്ടി വിളിക്കുന്നു.
എന്തു വൈകൃതജന്മമീ പൈതലിൻ
പാപഭാരമിറക്കുവതെങ്ങനെ?
മുഷ്ടിയോടിളം കൈകളനവധി
നെഞ്ചിലെങ്ങും തുളകൾ, മെരുങ്ങാതെ
തുള്ളിനിൽപ്പു വരിയൊത്തു കാലുകൾ!
ചോര വാലുന്നൊരമ്മയെ കാക്കുവാൻ
ചീര പോലിളം കാൽ രണ്ടരിക്കണം
പേറ്റുകത്തിയാലൊന്നു തൊട്ടീടവേ
കുഞ്ഞു കേറികയർത്തതു കേൾക്കുക.
‘തൊട്ടുപോകരുതെന്റെ കരങ്ങളും
കാൽകളും നിരന്നെത്രയുണ്ടാകിലും
ബോമ്പുകൾക്കായു് കരുതിവെച്ചീടണം
എൻ നിയോഗം കുറിച്ചവർചൊന്നിത്.
കൊന്നുകൊന്നു കൊഴുക്കാൻ, കൊലനിണം
കണ്ഠമോളം കുടിച്ചു തിമിർക്കുവാൻ,
പൂമണക്കുന്ന കാവുകൾ തിണ്ടാടി
പച്ചമാംസക്കുരുതികൾ തീർക്കുവാൻ,
ഉള്ളിലോമനപ്പച്ചക്കുതിരയിൽ
നാമ്പു നീട്ടും പ്രണയം കരിക്കുവാൻ
വാറ്റി വാറ്റി കുടിപ്പക വീര്യങ്ങൾ
വീർത്തു വിണ്ണൊത്ത തെയ്യമായ്ത്തീരണം!
ഞാനൊരാൺതരി, താതൻ കൊതിക്കും
തുണക്കു ചേരാത്ത തഞ്ചം പഠിക്കണം
ഞാനൊരാൺതരി, തായ്നെഞ്ചിലിപ്പൊഴേ
തീയെരിച്ചു പഠിക്കാൻ തുടങ്ങണം!’