(സാഹിത്യകേരളം 2005)
എന്റെ സത്യമാകുന്നു!
ഞെട്ടു വേറിട്ട മാമ്പൂവു പോലെ
കന്നിരാവിലെ പെൺതുടിപ്പായി
കാൽച്ചുവട്ടിൽ ഞെരിഞ്ഞമർന്നീടും
എന്റെ സത്യമാകുന്നു!
പൊയ്ക്കഥകൾ വേരോടിയ കാട്ടിൽ
ഇഷ്ട ദേവതാ മന്ദസ്മിതത്തിൽ
ആത്മ നൊമ്പരംനീറ്റി നീട്ടീടും
എന്റെ സത്യമാകുന്നു!
ചുറ്റിലും പതഞ്ഞാർക്കുന്ന ലോഭം,
നീട്ടി നീളേ വിളിക്കുന്ന ലേല-
ച്ചന്തയിൽ വില പേശും പിശാചിൻ
കയ്യിലാടുന്ന പെൺപാവ,നാവും
കാതുമെന്നേ കടം വന്നു പോയോൾ,
ഒന്നുയർന്നു പറക്കാൻ മനസ്സിൽ
മീതെ മാനം വിടരാത്ത പാവം
എന്റെ സത്യമാകുന്നു!
നില്ല തെല്ലും തെളിച്ചം, പടർന്ന
മുല്ലയിൽ വാർന്ന പൂമൊട്ടു മൂകം
അന്തിമാരുതനില്ലാ സുഗന്ധം,
ചുട്ടുപൊള്ളും വപുസ്സിൽ, വചസ്സിൽ
ആർദ്രമായ് പെയ്തു പെയ്തിറങ്ങുമ്പോൾ
ജീവചൈതന്യമാകെത്തിളച്ചു
ലാവയായ് സ്വയം പൊള്ളിനിൽക്കുമ്പോൾ
എന്റെ സത്യമാകുന്നു!
കാരമുള്ളിന്റെ കാരാഗൃഹത്തിൽ
നൂറു നൂറായ് നുറുങ്ങിക്കിടക്കും
ഗോപകന്യാ ഹൃദയമായ് തേങ്ങും
എന്റെ സത്യമാകുന്നു!
താളമൊക്കെപ്പിഴച്ചുവെന്നാലും
എത്രനാളെന്നറിയാ, തുടഞ്ഞ
മൺതിടമ്പേറ്റിയിന്നും നടക്കും
എന്റെ സത്യമാകുന്നു!