(ജീവനും വെളിച്ചവും 2001)
ട്ടോടിനീങ്ങുന്നു, യാത്രാമൊഴികളാൽ
തീരഭൂമി വിതുമ്പുന്നു, വേർപാടി-
നിത്രമേൽ ശോകഭാരമിതെന്തിനായ്?
ആരവങ്ങളാൽ പൂത്തും കടൽത്തിര-
നെഞ്ചിലോളം കുലുങ്ങിക്കുതിച്ചുയർ-
ന്നേതു ദ്വീപിൽ കനകം കൊതിച്ചെന്റെ
കൂട്ടർ കണ്ണടച്ചാഞ്ഞു തുഴയുന്നു?
കൺതുറക്കാതിരുട്ടിലൂടെത്രനാൾ
ആഴമെന്തെന്നളക്കാതനന്തമാം
സാഗരം കളിത്തട്ടകമാക്കി
കടഞ്ഞു നാം മൃതസ്വപ്നങ്ങൾ പിന്നെയും.
തൊട്ടുചേർന്നു നടക്കുമ്പൊഴും വ്യഥ
വാർന്നൊഴുകും വഴികളറിഞ്ഞീല
വേർപ്പൊഴുകി വിളഞ്ഞ പാടങ്ങളിൽ
കാറ്റുചൊല്ലും കനൽക്കഥ കേട്ടീല!
ദുഃഖമേതു നിറത്തിൽ ചതുപ്പുകൾ
താണ്ടി മർത്ത്യമനസ്സിൽ തിരിനീട്ടി
കത്തിയാളുന്നതെന്നു തിരിയാതെ
കേളികൾക്കു കാതോർത്തു നടന്നു നാം!
എന്നടഞ്ഞെന്റെ കണ്ണിനു കാഴ്ചകൾ?
ഓർമ്മയിൽ വടിവില്ലാത്ത മേഘമായ്
എന്നു മാഞ്ഞെന്നഴുക്കുകൾ? ആർദ്രത
വറ്റിയാന്ധ്യം വരിച്ചെൻ വരേണ്യത?
ഇന്നു ദ്യോവിൽ കലങ്ങുമാകാശവും
പച്ചനാമ്പുകൾ ചീയുന്ന ഭൂമിയും
ചൂണ്ടിടുന്നെൻ വിറയ്ക്കും മിഴികളിൽ-
‘കാൺക നീ തീർത്ത യുദ്ധക്കെടുതികൾ!’