(ദേശാഭിമാനി വാരിക 2018)
പേമാരി നിലയ്ക്കാത്ത
പശി മുറ്റിയ കള്ള-
ക്കർക്കടക്കരിമാസം.
വിളക്കിൽ നിറഞ്ഞാടി-
യുലയും തിരിനാളം
‘എവിടെ അശാന്തന്നു
സുഖമെ’ന്നെരിയുന്നു.
പതിയേ പാടും രാമ-
ചരിതം സീതയ്ക്കായി
വരച്ച വര തട്ടി-
ത്തടഞ്ഞു നില്പാണു ഞാൻ.
ഒന്നു കാൽ മുന്നോട്ടായൽ
ദുഷ്കരം, ഭയം കിനി-
ഞ്ഞൊട്ടിനില്പവർ പര-
സഹസ്രം ഇവൾക്കൊപ്പം.
സ്വർണമാനോടുന്നുണ്ടു്,
കള്ളമാൻ അതെന്നെനി-
ക്കിന്നെത്ര സുനിശ്ചിതം.
ഇല്ലതിൻ നീലക്കൊമ്പിൽ,
ഓമനിക്കുവാൻ വേണ്ടി
മെനഞ്ഞ മുഖകാന്തി,
ഒന്നിലുമെനിക്കാശ.
ഇല്ലതിൻ പൂമേനിയിൽ,
ചുട്ടി കുത്തിയ രത്ന-
പ്പൊട്ടുകളൊന്നിൽ പോലും
തൊട്ടു നോക്കുവാൻ മോഹം.
മഴവിൽത്തുടിപ്പാർന്ന
വാലുമായു് തുള്ളിത്തുള്ളി
ഓടുമീ മൃഗമെന്നെ
ഇളക്കുന്നില്ലാ തെല്ലും.
നിന്നു ഞാൻ ‘ഹാ, ലക്ഷ്മണാ’
എന്നു കേൾക്കുമ്പോൾ
വിറ കൊള്ളുന്നു, നടുങ്ങുന്നു.
യോട്ടങ്ങൾ, മദോന്മാദ
ഭേരിക,ളരുംകൊല,
ആർത്തനാദങ്ങൾ ചുറ്റും.
അരുതെന്നാജ്ഞാപിക്കാ-
നാരിവൾ സർവംസഹ
എന്റെ കാല്ക്കീഴിൽ ചുട്ടു-
പൊള്ളുന്നു ശിരോരേഖ!
എന്തിനീ വ്യാജോക്തിയിൽ
ബന്ധിതയാവാൻ കാര്യ-
മെന്നു നേരഴിക്കുമ്പോൾ
സേതുബന്ധനം തീരെ
മറന്നേ പോകുന്നു ഞാൻ
സീതാബന്ധനം സ്നേഹ-
പാശമായു് മുറുകുന്നു.