(മാതൃഭൂമി 2002)
മനസ്സിൽ, തഴുതിട്ട
മുറിയിൽ, മടക്കാതെൻ
കിറുക്കൻകുട്ടിക്കുട,
നടക്കും വഴിനീളെ
വസന്തം വിരിയിച്ചു
ചെറുപ്പം ചാഞ്ചാടിയ
വിരുതൻചിരിക്കുട.
മങ്ങിയിട്ടില്ലാ വർണ-
നൂലുകൾ, മനം നൂറ്റു
സ്വപ്നപഞ്ജരക്കിളി
നെയ്തൊരു ശബളിമ,
നൂറുനൂറായുസ്സിന്റെ
വേഗമാണതിന്നശ്വ-
ഹൃദയം [1] ത്രസിക്കയാ-
ണക്ഷ(ര) മുകുരത്തിൽ!
കുന്നിറക്കത്തിൽ കളി-
പ്പന്തുപോലുരുണ്ടിടും
കാറ്റിരമ്പത്തിൽ പൂയ-
ക്കാവടിയുയർത്തിടും
പൂമ്പൊടിച്ചാന്തിൽ പുള്ളി
കുത്തിടും തുമ്പിക്കൊപ്പം
കാടകങ്ങളിൽ കാടു
കാട്ടുവാൻ കുതിച്ചിടും.
പിറകെപ്പാഞ്ഞെൻ ബാല്യം
സ്വർണപാദുകങ്ങളിൽ
കിന്നരിത്തലപ്പാവും
മുത്തുമാലയുമാട്ടി,
ഉരുളും ഭൂമിക്കൊരു
മൃദുചുംബനം വീശി,
കുടയിൽ തൂങ്ങിക്കാണാ-
ക്കാവുകൾ വലംവയ്ക്കും…
ഇന്നെനിക്കാരോ തന്ന
മറ്റൊരു കുട, നന-
ഞ്ഞൊട്ടിയെൻ നിഴൽവീഴ്ത്തി
കൂടെയുണ്ടടിതോറും
ഉച്ചിയിൽവീഴും മഴ-
പ്പങ്കിനും വെയിലിനും
പഴുതു, ണ്ടെന്നാൽ നിലാ-
വിറ്റിയാലറിയില്ല.
ചുരുട്ടിമടക്കിയും
നീർത്തിയും തുരുമ്പിച്ച
കമ്പി, കാലൊടിഞ്ഞൊരു
കുതിര, പിടിയൂരി,
കറുത്തു നരച്ചെന്റെ
ഞരമ്പിൻ ഞരക്കമായ്
രാപകലിളവെന്യേ
ചൂടിനിൽക്കുകയല്ലോ.
പൂക്കുറ്റി, അമിട്ടുകൾ
കത്തിവീണിടും പൂര-
ക്കാഴ്ചകൾമറയ്ക്കുന്ന
തിമിരക്കുടക്കുള്ളിൽ
പാതിവന്നൊടുങ്ങുന്നു
ചിരികൾ, പദംവരും
മുൻപു വീണുടയുന്നു
ശീലുകൾ, മടുത്തുപോയ്!
കതകിൽമുട്ടി, ച്ചാടു-
വാക്കുകൾ പറഞ്ഞെന്നെ
വിളിപ്പൂ കളിക്കുട
കുടമാറ്റത്തിനായി,
ചൂടുവാൻ തികയാത്ത
വട്ടമാണെന്നാലെന്തേ
ആയിരം കാന്താരികൾ
പൂത്തതാമാനത്തല്ലോ!
മനോവേഗത്തിൽ കുതിരയെ നയിക്കാനുള്ള മന്ത്രമാണ് ‘അശ്വഹൃദയം’. നളൻ ഋതുപർണന് ഈ മന്ത്രം നൽകി, പകരം ചൂതുകളിയുടെ നിഗൂഢ രഹസ്യമറിയാനായി ‘അക്ഷഹൃദയ’ മന്ത്രം സ്വീകരിക്കയും അതുപയോഗിച്ചു് കലിയെ ഓടിക്കുകയും ചെയ്തു.