(മാതൃഭൂമി ആഴ്ചപ്പതിപ്പു്, 2004)
വേനൽ, വെയിൽനീറ്റി
കുറുകിവറ്റിയ
രാവിൻ വിയർപ്പുമായ്
അരികിലൂടെ
ക്കിതച്ചു നടക്കുന്ന
വൃദ്ധയാമൊരു
കാറ്റിന്റെ ഗദ്ഗദം.
കണിയൊരുക്കുവാൻ
അമ്മയി, ല്ലമൃതുപോൽ
അന്നമൂട്ടുവാൻ
ആരുമില്ലെങ്കിലും
വിഷുവരുന്നതിൻ
കാലൊച്ച കേൾക്കവേ
ഒരു തിടുക്കമെൻ
ഉള്ളിൽ നിറയുന്നു…
കുന്നിമണികൾക്കു
നടുവിലൂടൊരുവരി
ക്കവിതയോടുന്നു
കണ്ണാടിനോക്കുവാൻ
പുഴയി, ലാമ്പൽ
കുളത്തിൽ, വയൽക്കരെ
ഇമയനങ്ങാതെ
നില്ക്കുന്നു നിഴലുപോൽ.
കുരലു ചെമ്പിച്ച
തൈത്തെങ്ങിനരികിലെ
ചെളിയുണങ്ങിയ
കൈത്തോട്ടിനൊക്കിലെ
ഇലമറന്നു പൂ
ചൂടും കണിക്കൊന്ന
മൃതിയടഞ്ഞതോ
പ്രാണൻ വെടിഞ്ഞതോ?
പച്ച മണ്ണിൻ
മണം പിടിച്ചാടുന്ന
കൊച്ചുപുൽനാമ്പി
ലൊന്നുവീണുരുളുവാൻ,
പുതുകവിതയ്ക്കു
ചേരാത്ത വാസന
പ്പുകയുമേറ്റല്പ-
നേരമിരിക്കുവാൻ,
ഒരു ക്ഷണം, നറു-
കിളിമിഴിസ്വനം,
എവിടെയുമി-
ല്ലുറക്കമാണേവരും.
കുറുകിടാത്ത
പിറാവുകൾ,കടലാസു-
ചിറകുമായ് പൊള്ളി
നില്ക്കുന്ന വേനലിൽ
വിഷുവരുന്നു, പോ-
വുന്നു, ഞാനിറയത്തു
നില്ക്കയാണർദ്ധ
സുപ്തിയിലിപ്പൊഴും!
അരികിലമ്മ
യൊരോർമയായെത്തുന്നു,
കണിയൊരുക്കുന്നു,
കൺതുറക്കാത്തൊരെൻ
കവിളിലുണ്ടാ
കുളിരുന്ന കൈത്തലം
കരളിലേക്ക് നീ-
ണ്ടെത്തുന്ന നെയ്ത്തിരി.
“ഇനിയുമെന്തേ-
യുണരാത്തു ദുസ്വപ്ന
ഭീതിയിൽനിന്നു?”
ചോദിക്കയാണമ്മ,
“കണിയൊരുക്കുവാൻ
ഉണ്ണികൾക്കായൊരു
ദിനമൊരുക്കുവാൻ,
അവരെയുണർത്തുവാൻ?”