(സെക്രട്ടേറിയറ്റ് സർവീസ് ഓണപ്പതിപ്പു് 2010)
അമ്മ അപേക്ഷിച്ചുകൊണ്ടിരുന്നു…
ഓരോ മിടിപ്പും
അപാര കാരുണ്യത്തിന്റെ
അനന്ത സംഗീതമായി
ഒഴുകിക്കൊണ്ടിരിക്കാൻ
അമ്മ പ്രാർഥിച്ചുകൊണ്ടിരുന്നു…
എപ്പോഴാണത്
ഇഴ പൊട്ടുക,
ഇമ ചായുക,
ഇല ഉതിരുക
എന്നു ഡോക്ടർ
നോക്കിയിരിപ്പാണ്.
ഹൃദയത്തോട്
ആർക്കുമൊന്നും പറയാനില്ല.
ഇടയ്ക്ക് വെച്ച് നിർത്തരുതേ!-
അബോധത്തിൽ
അമ്മ മാത്രം
ഹൃദയത്തോട്
മന്ത്രിച്ചുകൊണ്ടിരുന്നു.
ഒഴുക്ക് അമ്മയിലേക്കാണ്.
നഖംവെട്ടിയിൽനിന്ന്
ചോരയൊലിക്കുന്ന
ഒരു കുഞ്ഞു വിരൽ
ജീവനൂർന്ന കൈകളിൽ
ചൂടു പകരുന്നു.
ചിരിക്കുമ്പോൾ
ചാറൊലിക്കുന്ന
ചരട് പൊട്ടിയ ചുണ്ടുകൾ
ചിന്നിപ്പോകുന്ന ധമനികളെ
ഉമ്മവെച്ചൊട്ടിക്കുന്നു.
വാക്കിനെക്കുറിച്ച്
വേവലാതിയില്ലാതെ
സ്നേഹം യാചിക്കുന്ന
കൺമിഴികൾ
കെട്ടുപൊട്ടുന്ന
പ്രാണഞരമ്പിൽ
അള്ളിപ്പിടിക്കുന്നു.
പഞ്ചാരത്തരി തേടി
പിടഞ്ഞിഴയുന്ന മകൾ
ഓർമകളുടെ
ഉറുമ്പിൻ കൂടായി
അമ്മയെ പൊതിയുന്നു…
ഞൊണ്ടിക്കൊണ്ട്
നടന്നകലുമ്പോൾ
ഡോക്ടർ പിറുപിറുക്കുന്നു-
ഡിഫറന്റ്ലി ഏബിൾഡ്!