(ഗ്രന്ഥലോകം 2021)
അഹല്യയുടെ കുഞ്ഞുങ്ങൾ!
എല്ലാവർക്കും
ചുരുണ്ടിരുണ്ട മുടി
ചുളി നീരാത്ത തൊലി
പീള കെട്ടിയ
ചിപ്പിക്കണ്ണുകൾ,
അർദ്ധരാത്രിയിൽ
അമ്മത്തൊട്ടിലിൽ
ഒരേ മുഖം,
ഒരേ ഞരക്കം!
അമ്മ പെറ്റതറിയാതെ,
അമ്മത്തൊട്ടിലിൽ
ആയിരം കുഞ്ഞുങ്ങൾ
അഹല്യയുടെ കുഞ്ഞുങ്ങൾ!
ചേലയഴിച്ച് പുതപ്പിച്ചു,
ഇളവെയിൽ
പാളിനോക്കി
പടികയറിപ്പാഞ്ഞു.
കരഞ്ഞു കരഞ്ഞു
വായ് വലുതായ
പോക്കാച്ചിക്കുഞ്ഞുങ്ങൾ
പിള്ളത്തൊട്ടിലിന്റെ
കൈവരിയിൽ
പിച്ചവെച്ച് പിടിക്കുന്നു.
കരുണയുടെ
വെൺചാമരം വീശി
കടന്നുവരുന്ന
ആൺരൂപങ്ങളെ
അമ്പരപ്പോടെ നോക്കുന്നു.
അമ്മമാരുടെ
മാറിടങ്ങളിൽ
അള്ളിപ്പിടിക്കാൻ കൊതിച്ച്
കൈവിരിച്ച് കരയുന്നു
നൊമ്പരപ്പേടികൾ!
ചോരപൊടിയാത്ത നെഞ്ചിൽ
തൊട്ടുനോക്കാൻ ഭയന്ന്
അഹല്യ ഉണർന്നു കിടക്കുകയാണ്.
മിന്നൽപ്പിണരുകൾ
ഉടലാകെ നക്കിത്തുടച്ച്
തൊലിയുരിച്ച് കരിച്ച്
ഹൃദയം ഫോസിലായവൾ.
ഉരുകിയൊലിക്കുന്ന
വേനൽപ്പച്ചയുടെ
കാട്ടുവേവിൽ
അകം പുകഞ്ഞ്
ഉടയാടകളില്ലാതെ
കരിങ്കല്ലായ്
അഹല്യ മലർന്നു കിടക്കുന്നു.
അണയാൻ മടിച്ച
ഒരേയൊരു രാത്രിയിൽ
നിലാവ്
ഫണം
നിവർത്താടിയപ്പോൾ
ഉടൽ
തുമ്പിതുള്ളിയതോർക്കുന്നു.
ഉയരങ്ങളിൽ നിന്ന്
ആകാശവും
ആഴങ്ങളിൽനിന്ന്
ഉറവകളും
ചുരങ്ങളിൽനിന്ന്
കൊടുങ്കാറ്റുകളും
പാഞ്ഞെത്തിയ നിമിഷം!
അതിന്റെ അപൂർണതയിൽ,
ശാപശില്പത്തിൽ വാർന്നത്
അഹല്യയുടെ ശിലാരൂപം!
ദശരഥപുത്രന്റെ
പാദനിസ്വനത്തിന്
കാതോർത്തിരിക്കാൻ
അഹല്യക്കാവില്ല.
ശിശുവിഹാരത്തിൽ
നാലാം പിറന്നാളിൽ
സ്പോൺസർ സമ്മാനിച്ച
പുത്തനുടുപ്പിട്ട മകൾ
ത്രിസ്സന്ധ്യയിൽ
ബലാത്സംഗം ചെയ്യപ്പെട്ടതറിഞ്ഞ്
അവൾ കരഞ്ഞില്ല.
ശില വിയർത്തതും വിതുമ്പിയതും ശപിച്ചതും
ആരും കാണാതെ പോയോ?