(മാധ്യമം വാരിക 2012)
ധൈര്യമുണ്ടെനിക്കിപ്പോൾ
ഉദിക്കും മുമ്പേ ഞങ്ങൾ
നടക്കാനിറങ്ങുമ്പോൾ.
പാതയോരത്തെക്കാട്ടു
പൊന്തയിലിന്നേവരെ
കാണാത്ത പൂക്കൾ വിരി
ഞ്ഞെന്നോടു ചിരിക്കുമ്പോൾ
ഓർത്തതി, ല്ലതിലൊന്നു
നുള്ളുവാൻ കൈനീണ്ടീല.
പാടമാ, ണിനിയെത്ര
പൂക്കളാ, ണറിയുവോർ,
പണ്ടു കണ്ടവർ മിണ്ടി.
മുക്കുറ്റി കണ്ടിട്ടെത്ര
കാലമായ്, തുമ്പക്കെന്തേ
പച്ചപ്പു് പോരാ, പൂവാം-
കുരുന്നും നിറം കെട്ടു.
ഊതയായു് പതഞ്ഞിളം
കാറ്റിലാടുമ്പോൾ വിറ-
കൊള്ളുമിപ്പൂവിന്നെന്തു
പേരെന്നു മറന്നുപോയ്!
കടലാ, യതേ പൂവി-
ന്നുത്സവം മാനം കണ്ടു
വിസ്മയം കൊള്ളുന്നേടം
ഒരു പൂപോലും നുള്ളാ-
നപ്പൊഴും തോന്നീ, ലതിൻ
ചിത്രങ്ങളാവോളമെൻ
മൊബൈൽ പകർത്തിലും!
ഏറാട്ടുമനയുടെ
മുറ്റത്തു നിന്നാരാണെൻ
കവിളിൽ തട്ടുന്നതു്?
അത്ര സൗമ്യമാ, യതി
വെണ്മയായ് മന്ദാരപ്പൂ
അഞ്ചിതൾ നീട്ടി മതിൽ
ചാടി വന്നെതിരേല്ക്കേ
ഒരു പൂ മോഷ്ടിച്ചാദ്യം,
മടിയില്ലെനിക്കിപ്പോൾ
മോഷണം ദിനംപ്രതി
തൊഴിലായ് തുടരുന്നു.
അയ്യപ്പപ്പണിക്കരുടെ ‘കള്ളൻ’ എന്ന കവിത.