(പത്രം ഓണപ്പതിപ്പു് 2011)
കഴിവതെത്രമേൽ സാഹസം, പൊള്ളുന്ന
വീടിനുള്ളിലെ ചൂടാണ് നമ്മളിൽ
കരിമരുന്നിന്റെ ഗന്ധമാണെവിടെയും.
വീഴുമെന്നുള്ള പേടിയാൽ ജനലുകൾ
കുറ്റിയിട്ടു കുനിഞ്ഞിരിക്കുന്നവർ,
കണ്ണു കാഴ്ചയെ തേടാതിരിക്കുവോർ.
മിത്രമല്ലെന്ന തോന്നലാണെപ്പൊഴും
കനലുടുപ്പിട്ട ഭ്രാന്തിന്റെ ചില്ലയിൽ
ചെറുകിളികൾക്കുമിടമില്ല വേനലിൽ.
കോർത്തു പാത മുറിച്ചു കടക്കിലും
പിഴകളാണേതു ചുവടിലും, മക്കൾക്ക്
ചിരിവരുത്തുന്ന ഫലിതമാകുന്നു നാം.
പുഴയിലെങ്ങോ കളഞ്ഞതിൻ പരിഭവം
പിറുപിറുത്തും കയർത്തും പരസ്പരം
കൊമ്പുകോർത്തു ജയിക്കുവാൻ മത്സരം
പരമസത്യം മറക്കുന്ന വേളയിൽ
പൊരുതി നേടും കരിക്കട്ട കനകമായ്
പിടിമുറുക്കും കിടാങ്ങളായ് മാറി നാം.
നിന്നു കേറുവാൻ വൈകിയാൽ, തീരേ
വിശപ്പുകെട്ടുവെന്നോതിയാൽ, രാത്രിയിൽ
കണ്ണടച്ചില്ലയെന്നു കലങ്ങുമ്പോൾ
പഴികളൊക്കെയും പതിരായ് പൊഴിയുന്നു
തിരയടങ്ങിയ കടലിനുമപ്പുറം
ശുഭ്രനീലമാം വാനത്തിലൂടൊരു
ശാന്തരാഗം തുളുമ്പി വന്നെത്തുന്നു.