(സ്ത്രീശബ്ദം ഓണപ്പതിപ്പു് 2010)
തണുത്തുറഞ്ഞാകെ
മനംപുരട്ടുമീ
വരട്ടുപുസ്തകം
വരികളിൽ വർണം
വിടർത്തുകി, ല്ലെന്റെ
അകം മിനുക്കാത്ത
ഇരുട്ടു പുസ്തകം.’
കുസൃതിച്ചാനലും
വലംകൈയിൽ ചൂണ്ടും
കളിത്തോക്കും പിടി-
ച്ചരുമയായ് കൊഞ്ചി-
പ്പറകയാണവൻ,
മറുവാക്കില്ലാതെ
തളർന്നു നില്പു ഞാൻ.
നിറം വഴിഞ്ഞു, പൂ-
വിതൾ വിടർത്തുന്ന
രഹസ്യവും, ഉണ്ണി-
പ്പുഴുവിഴഞ്ഞു, പി-
ന്നുറങ്ങി, കോട്ടുവാ-
യുതിർത്തു വർണങ്ങൾ
ശലഭമാവതും.
വിരൽ കറക്കിയാർ
വെളിച്ച നൂൽനൂറ്റു
വിടുന്നുവെന്നതും
നനുത്ത മഞ്ഞിലൂ-
ടുറക്കുപാട്ടിന്റെ
കുളിർകുടഞ്ഞു രാ-
പ്പുതപ്പിടുന്നതും.
തൊടുന്നതൊക്കെയും
വെടിഞ്ഞരൂപിയായ്
പിടഞ്ഞു പായുന്ന
കിറുക്കൻ കാറ്റിന്റെ
കുസൃതിയും കോപ-
പകർച്ചയും വാർന്ന
മനസ്സെനിക്കൊന്നു
പിടിച്ചു കെട്ടണം.
ഇതെന്റെ അമ്മയെ,
ന്നെനിക്കുവേണ്ടിയോ
മധുരമീരൂപം!
കരൾ തുടിപ്പിലൂ-
ടമൃതം തൂവിയെൻ
കുരുന്നു പ്രാണനെ
വിടർത്തതെങ്ങനെ?
പിടിച്ചുകെട്ടുവാൻ
തിടുക്കമാർന്നവൻ
ശരങ്ങളെയ്യുമ്പോൾ
പ്രിയംപറഞ്ഞു ചോ-
റുരുട്ടിയൂട്ടുമെൻ
കരം തടത്തവൻ
മുഖംതിരിക്കുന്നു.
വയറുമാ, യമ്മ
പിരിഞ്ഞ കുഞ്ഞുങ്ങ-
ളഴലുന്നു, നോക്കു
എനിക്കുമാത്രമീ
വിശപ്പറിയാത്ത
രഹസ്യമെന്തെന്ന്
തുറന്നു ചൊല്ലമ്മേ!
ടെലിവിഷൻ സ്ക്രീനിൽ
നിറയും കുഞ്ഞുങ്ങൾ,
കരിഞ്ഞുണങ്ങിയ
വിഷാദ രൂപങ്ങൾ
അവരിലാണ്ടുപോ-
മിളം മനസ്സിൽ നി-
ന്നിനിയൊരു ചോദ്യം,
പിടഞ്ഞുപോയി ഞാൻ’.
അവർക്കു, മമ്മയ്ക്കും
എനിക്കുമീവിധം
ചുടുന്ന കണ്ണുനീർ
എവിടെനിന്നു വാ-
ർന്നൊഴുകിയെത്തുന്നു?
പലനിറങ്ങളിൽ
തെളിയുന്നില്ലല്ലോ?’
വിടർത്തുമക്ഷര-
പ്രപഞ്ചമെന്നുള്ളിൽ
അലയടിക്കുമ്പോൾ
തെളിഞ്ഞതില്ലൊരു
കുറുക്കുവിദ്യയും
പകർന്നു നല്കിടാൻ
കുരുന്നു പാത്രത്തിൽ.