(കേരളകവിത 2004)
ഒരു വാക്കു മതി,
ക്രൂശിക്കുവാനും!
വിരഹാർത്തിയായ്
കുറുനാക്കിൽ കുറുകുമ്പോൾ
പടിവാതിലിൽ നിന്ന്
പാതയോളം വഴിയുന്ന
ഒരു നോട്ടം മതി
കാത്തിരിപ്പിന്റെ
ആഴം കുറിക്കുവാൻ.
വെറുപ്പിഴഞ്ഞ്
വിഷം തീണ്ടിയ
കൺപീലികൾ
കത്തിക്കരിഞ്ഞു പോയാൽ
ഒരു കാറ്റനക്കം വേണ്ട
ചാമ്പലായ് ഉതിരുവാൻ.
ഉറങ്ങാനാവാത്ത
നിർലജ്ജയായ നിശാചരിയോട്
ഞാനാരാഞ്ഞു.
രാവിനെ പിച്ചിപ്പിഞ്ഞി
കിടയ്ക്കയിൽ വിതറി
പാമ്പായുരുളുന്ന
ഉന്മാദിനിയോടും ചോദിച്ചു.
പ്രണയശേഷം
തേയ്മാനം വന്ന വാക്കിനാൽ
അതു കുറിക്കരുതെന്ന്
അവർ പറഞ്ഞു.
അമൃതേത്തു കഴിഞ്ഞു
മയങ്ങുന്ന സിംഹത്തിന്റെ
മുഖത്താണിപ്പോഴും
എന്റെ നോട്ടം,
ഇമയനങ്ങാതെ
ഒഴുകി മായുന്നൊരു
സുഗന്ധത്തിനു പിറകെയാണ്
എന്റെ ആത്മാവു്.
ഒരു പേടിയായും
പടയ്ക്കു മുമ്പുള്ള
പിടച്ചിലായും
പ്രണയം എന്നെ
മുറുകെ പുണരുമ്പോൾ
നിഴലുകൾക്ക് നീളം കുറഞ്ഞ്
ഗുഹാമുഖങ്ങളിൽ
ചന്ദ്രനുദിക്കുന്നു.
പ്രണയിക്കുവാൻ
ഒരു വാക്കും വേണ്ട,
കുരിശുകളെ മറന്നേയ്ക്കുക!