(സമകാലികമലയാളം (1178 വൃശ്ചികം))
നമുക്ക്
കടംകഥയാണു്
ഞങ്ങളുടെ
വീടാക്കടങ്ങളുടെ
ഒഴിയാബാധകളുടെ
പൊട്ടാത്തുടലുകളുടെ
ചിരിയും ചിലമ്പും ചിന്നുന്ന
പെരും കഥയാണു്.
ശ്യാമവസനത്തിൽ ഒളിച്ച
ഉടലിന്നടിയിലെ
ഉറവിലേയ്ക്കുള്ള
ഏകാകിനിയുടെ
തീർത്ഥാടനമാണു്.
കുളിച്ചു കുറിയിട്ടു്,
പുതച്ചു് കുറിമായ്ച്ചു്,
നമസ്കരിച്ചു നിസ്കരിച്ചു്,
അതിരു വലിച്ചൂരിയ
പ്രേമകാരുണ്യങ്ങളുടെ
ലാവയായും
ലാവണ്യമായും
പൊരിയും മനസ്സിന്റെ
വറവുചട്ടികളിൽ
പകർന്നുവീഴുന്ന
പനിയും നീരുമാണു്,
പനിനീരല്ല.
ഇടം കണ്ണിലെ തേനും
വലം കണ്ണിലെ തീയുമല്ല,
കാവ്യത്തിൽ കലക്കിയ
സുരയും സുറുമയുമല്ല,
വികൃതമാക്കിയ
സുകൃതമല്ല,
മൊഴിമാറ്റത്തിലും
മതംമാറ്റത്തിലും
ചോർന്നുപോകാത്ത
അമൃതത്വത്തിന്റെ
അണിമയാണു്.
വിരലിൽ നിന്നു്
എഴുത്താണിയൂരി
നെഞ്ചിൽ കനലായു്
കുത്തിയൊരമ്മ
കനിവിന്റെ
കരിമുന്തിരി നീട്ടുമ്പോൾ
അറയ്ക്കുന്നുവോ?
വിറയ്ക്കുന്നുവോ?
അവളെങ്ങനെ
വെറുമൊരു താമരപ്പൂവാകും?
ചെറുമുല്ലപ്പൂവാകും?
അത്തറിൽ കുതിർന്ന
അമ്പിളിപ്പൂവാകും?
ഓരോപൂവും
വിരിയുന്നതും വാടുന്നതും
ഓരോവിളക്കും
തെളിയുന്നതും അണയുന്നതും
അറിഞ്ഞുകൊണ്ടിരിക്കുന്ന
പ്രേമത്തിന്റെ ദിനചര്യകൾ
നമുക്കൊരു കടംകഥയല്ലോ!