(ദേശാഭിമാനി ഓണം വിശേഷാൽപ്രതി 2003)
ചങ്കു പൊട്ടി മരിക്കുന്നതു്
ഉദയത്തിനുമപ്പുറത്തല്ല,
ആടിത്തിമിർക്കന്ന
ജീവിതത്തിന്റെ ചെരിവിലാണു്
ഇരുൾപ്പരപ്പിന്റെ ജ്യാമിതിയിലൂടെ
തണ്ണീർപ്പന്തലും
സ്നാനഘട്ടങ്ങളുമില്ലാത്ത
പ്രകാശവർഷങ്ങൾ താണ്ടി
പാഞ്ഞുവരുന്നു
പാവച്ചരടു പൊട്ടിയ
വെളിച്ചത്തുള്ളി.
തുള്ളിത്തുള്ളിയെൻ നെഞ്ചിൽ
സൂചിവിരൽ കുത്തിനിൽക്കുന്നു
വക്കുടഞ്ഞു ചിതറി
വാക്കായു് പിടയ്ക്കുന്നു:
നിന്നിലേക്കു് ചൂഴ്‌ന്നിറങ്ങുന്നു,
എന്നെ വീണ്ടും ജ്വലിപ്പിക്കൂ!’
കത്തിക്കാളി
കരിക്കട്ടയായ
ചിരട്ടക്കഷണം പറയുന്നു:
മണ്ണും പിണരും
നിന്നിൽനിന്നു്
എനിക്കു് അളന്നെടുക്കണം!’
കരിഞ്ചുവപ്പിനടിയിൽ
പ്രാണവായുവിന്റെ ചുഴലിയിൽ
തിളക്കത്തിന്റെ ഉന്മാദം!
ഒരു നക്ഷത്രത്തിന്റെ ഉദയം!
തിരിച്ചറിയുന്നു ഞാനിപ്പോൾ-
എല്ലാം പഴയതുതന്നെ!
ഒരു ചിരട്ടക്കഷണം,
ഒരു ഊത്തു്,
ഉദിക്കുന്നതു് നക്ഷത്രങ്ങൾ,
ചങ്കുപൊട്ടി മരിക്കുന്നതു് നക്ഷത്രങ്ങൾ,
വെളിച്ചത്തിൽ
വിറകൊള്ളുന്നതു മാത്രം നേരു്!
ഇനി എന്റെ ഊഴമാണു്.