(ദേശാഭിമാനി വാരാന്തപ്പതിപ്പു് 2003 ജനുവരി 19)
കുട്ടികളുടെ പ്രധാനമന്ത്രിയാവുക!
ഇന്നലെയാണാ അരുമസ്വപ്നം
അടിവേരോടെ
മനസ്സിൽനിന്നു്
ഞാൻ പിഴുതെറിഞ്ഞതു്.
ശിശുവാകുന്നതു്
അത്ര നിസ്സാരമല്ലെന്നു്
എനിക്കിപ്പോൾ നന്നായറിയാം.
ദേവകിയും
യശോദയും
കന്യാമേരിയും
അമ്മമാരായ അമ്മമാരെല്ലാം
വിലക്കിയതുകൊണ്ടല്ല.
ഇപ്പോൾ
കുട്ടികൾക്കെല്ലാം
നല്ല മൂർച്ചയുള്ള പല്ലുകളുണ്ടു്.
എത്ര വേഗമാണു്
അവർ പാകമാകുന്നതു്!
കമരുംമുമ്പേ ഇരിക്കാനും
ഇരിക്കുംമുമ്പേ കാൽനീട്ടാനും
കാൽനീട്ടുംമുമ്പേ
നഖം നീർത്താനും
അവർക്കറിയാം.
ബാലസാഹിത്യം കടിച്ചുകീറി,
സൈബർ ചുരത്തിലേക്കു്
നൂണ്ടുകേറി,
എലിപ്പല്ലിളിച്ചുകാട്ടി
പേടിപ്പിക്കാനും
അവർക്കറിയാം.
ആരാണതൊക്കെ
പഠിപ്പിക്കുന്നതെന്നു്
അറിഞ്ഞിട്ടും കാര്യമില്ല.
കുഞ്ഞാവാൻവേണ്ടി
ഞാനെന്റെ പല്ലുകൾ
ഒന്നൊന്നായി പറിക്കുകയായിരുന്നു.
ഇനിയെത്ര ബാക്കിയെന്നല്ല
ഇനിയും പറിക്കണോ
എന്നാണിപ്പോൾ.
പല്ലില്ലാത്ത ഞാൻ
കുഞ്ഞാവുന്നതെങ്ങനെ?
പിന്നെയല്ലേ, പ്രധാനമന്ത്രി!