(മാധ്യമം ആഴ്ചപ്പതിപ്പു് 2003 ജൂൺ 27)
വാതിൽക്കൽ തന്നെ നിൽപാണു്!
എത്ര മറിമറിഞ്ഞാലും
അവളെക്കടന്നു്
ഒരു ചുവടുപോലും
പാവം എനിക്കാവില്ല.
എന്റെ സീമന്തത്തിൽ
അലസമായി ചുരണ്ടിക്കൊണ്ടു്
ഇളകിച്ചിരിക്കയാണവൾ.
അഴിഞ്ഞുലഞ്ഞു്
വിശുദ്ധപാദങ്ങളിൽ
ഓളം തല്ലുന്ന
സുവർണ ചിരം
എന്റെ കൃഷ്ണമണികളിൽ
മാറാല ചുറ്റുന്നു.
എന്റെ നടപ്പാതകളും
അകത്തളങ്ങളും
ആകമാനം ഒട്ടിപ്പിടിക്കുന്നു.
താംബൂലവും പഴുപ്പിച്ച
പിംഗള സന്ധ്യ പോലെ
ഉലയിൽ ഉരുകിജ്വലിക്കയാണു്
മറിയ.
എന്റെ ശയ്യാഗാരത്തിന്റെ
വെളിയടകൾ മാന്തിപ്പറിച്ചു്
അവൾക്കായി തിറയാടുന്നു
പൂതക്കൂട്ടങ്ങൾ,
കൂരൽ നീട്ടുന്നു
കരിമ്പനകൾ.
കവചമില്ലാതെ
ഗിരിശൃംഗങ്ങൾ കയറുന്ന
പോരാളിയാണു് മറിയ,
കടലൂറ്റിക്കുടിക്കുന്നവനു്
പിറക്കാനുള്ള ഗർഭപാത്രത്തിലേക്കു്
ഉന്നം തെറ്റാതെ
ഒളിയമ്പെയ്യുന്നവൾ മറിയ.
എന്റെ സന്തതികളേ,
എനിക്കവളോടു്
വാതു കെട്ടാൻ ആവതില്ല!
ഏറ്റുവാങ്ങി,
അലക്കിവെളുപ്പിച്ചു്
എന്റെ ജീവിതം മടക്കിത്തരുന്ന
പുഴയാകാൻ
അവളോടെങ്ങനെ
ഞാൻ പറയും?
കൂദാശയിൽ സ്നേഹപ്പെട്ടവൾ
എന്റെ ഞെരിഞ്ഞിൽക്കിടക്കയിൽ
ഇടം ചോദിക്കുമ്പോൾ
ഇല്ലെന്നേ ഞാൻ മുഖം തിരിക്കൂ.
എങ്കിലും,
ഒരു ചുവടുപോലും
മുന്നോട്ടെടുക്കാൻ
എനിക്കാവതില്ല.
മറിയ
വാതിൽക്കൽ തന്നെ നിൽപാണു്.
ഒരു കന്മതിൽ പോലെ,
കടൽ പോലെ!