(സ്ത്രീശബ്ദം 2004)
ബാൽക്കണിയിലേക്കു്
അവർ സംസാരിച്ചുകൊണ്ടിരുന്നു.
രാധയും മീരയുമല്ല,
ഗാന്ധാരിയും കുന്തിയുമല്ല,-
അംബികയും അംബാലികയും!
മാർബിൾത്തറയിലെ
ചിത്രത്തൂണിനരികിൽ
ഓർക്കിഡു് പുഷ്പങ്ങളെപ്പോൽ
ഒരുങ്ങിനിന്നാണവർ
സംസാരിച്ചതു്.
ഇടം തേടാനുള്ള
വ്യഗ്രതയും വ്യാകുലതയും
അവരെ അലട്ടിയില്ല.
തുറിച്ചുനോക്കുന്ന
ഓറഞ്ചു് സൂര്യൻ
അവർക്കൊരു പ്രശ്നമായില്ല.
വൃദ്ധസദനത്തിലേക്കു്
കുഴഞ്ഞു പറക്കുന്ന
എരണ്ടപ്പക്ഷികളെ
അവർ കണ്ടതായി തോന്നിയില്ല.
ഭൂവിതാനങ്ങളിൽനിന്നു്
ഏറെ ഉയരത്തിലാണവർ.
താഴെ ഗേറ്റിൽ
ഒരു വെള്ളക്കാർ,
സ്വീകരണമുറിയിലെ തെളിച്ചങ്ങൾ,
കുട്ടികളുടെ പാഠപുസ്തകങ്ങൾ,
ഉടുപ്പു്, ഉറക്കം, ഉണർച്ച,
സവാരിഗിരിഗിരി,
പപ്പട ഫലിതങ്ങൾ,
പൊട്ടിച്ചിരികൾ-
അത്രയൊക്കെ ധാരാളം.
അംബയെക്കുറിച്ചു്
അളവില്ലാത്ത സഹതാപത്തോടെ
അലോസരപ്പെടുന്നൊരു നിശ്വാസത്തോടെ
അവർ പറയാറുണ്ടു്.
ടെറസ്സിൽ നിന്നു് ചാടുന്ന തരം
പെൺകുട്ടികളെ
‘അന്തസ്സില്ലാത്ത ശല്യങ്ങ’ളെന്നു്
വിധിച്ചുകൊണ്ടാണു്
അവരിന്നു പിരിഞ്ഞതു്!