(സ്ത്രീശബ്ദം ഓണം സ്പെഷൽ 2011)
ഉരുണ്ടുകൊണ്ടേയിരിക്കുന്നു.
കറുപ്പും വെളുപ്പും കലങ്ങാത്ത
കണ്മിഴിപോലെ
ഒരു കാൽപ്പന്തു്
ഉരുണ്ടുകൊണ്ടേയിരിക്കുന്നു.
തുടക്കവും ഒടുക്കവുമില്ലാത്ത
കടംകഥയായി,
ഉറക്കവും ഉണർച്ചയുമില്ലാത്ത
ദിവാസ്വപ്നമായി,
വീടു മറന്നു്
വുവുസലെ പീപ്പി വിളിച്ചു്
ആകാശത്തുലാത്തുന്ന
ഭ്രാന്തൻപരുന്തിനെപ്പോലെ
ഒരു കാൽപ്പന്തു
ഉരുണ്ടുകൊണ്ടേയിരിക്കുന്നു.
മുഖത്തു് ചായം തേക്കാതെ
അടുക്കളയിൽ നിന്നു്
അങ്ങാടിയിലേക്കു്
മറ്റൊരു പന്തു്
ഉരുണ്ടുകൊണ്ടേയിരിക്കുന്നു.
വിലക്കുതിപ്പിൽ
തടഞ്ഞുനില്ക്കുമ്പോൾ
കണ്മിഴിയിലെ
കറുപ്പും വെളുപ്പും കലങ്ങുന്നു.
പിറകിൽ ആഞ്ഞുപൊങ്ങുന്ന
കാല്പാദത്തിന്റെ ഊറ്റത്തിൽ
പിന്നേയും
അതുരുണ്ടുകൊണ്ടേയിരിക്കുന്നു.
ചളിയിൽ പൂണ്ട
കാലവർഷത്തിന്റെ മുരൾച്ച.
വിഷപ്പനിയുടെ
സുവർണപാദുകവുമായി
വാതില്പടിയിൽ
ആർപ്പുകാർ.
കുട്ടികളുടെ ഒച്ച
വറ്റിയിരിക്കുന്നു.
ജബുലാനിയേക്കാൾ
പഴയ പന്ത്
നെഞ്ചുരഞ്ഞുകൊണ്ടു്
ഉരുണ്ടുകൊണ്ടേയിരിക്കുന്നു.