(ദേശാഭിമാനി ഓണം വിശേഷാൽപ്രതി 2002)
ചന്ദ്രവടിവിൽ ചെത്തി
ചിന്തേരിട്ടു് മിനുക്കുമ്പോൾ
ഇത്രമാത്രം വൃത്തികേടാകുമെന്നു്
വിചാരിച്ചില്ല.
വെടിച്ച കക്കത്തൊണ്ടുപോലെ,
വെളിച്ചം വറ്റിയാൽ
വിരണ്ടുപോവുന്ന മാലക്കണ്ണുപോലെ,
തുടച്ചാൽ തിളങ്ങാത്ത
പരുക്കൻ അടുക്കളത്തിണ്ണപോലെ
ദിനംപ്രതി
അവ വികാരശൂന്യമായി.
പൊടിയിറങ്ങിപ്പഴുത്തു്
മഞ്ഞപ്പല്ലുകാട്ടിയും
വർഷത്തിൽ
ചെളികുടിച്ചു് കലങ്ങി
കരിഞ്ചുണ്ടു് കോട്ടിയും
വിശ്വരൂപം വിടർത്തി
ഉടലിലേക്കും
ഉടലിൽനിന്നുയിരിലേക്കും
വിഷപ്പനിയുടെ വിത്തെറിഞ്ഞു.
ചെമ്പഞ്ഞിയും മയിലാഞ്ചിയും
വേരും പറിച്ചു്
വേലിക്കപ്പുറം ചാടി.
പുലരിച്ചെരുവിലെ
നാളികേരക്കൊത്തിലും
പ്ലാശിൻകൊമ്പിലെ
തത്തമ്മക്കൊക്കിലും
ഏടടയാളം വെച്ചിരുന്ന
ചന്ദന സൂചിയെടുത്തു്
മൂടിക്കെട്ടിയ കാൽനഖേന്ദു
സ്മൃതിയിൽ
ഒരൊറ്റക്കുത്തു്!
താണുതാണുപോകുമ്പോൾ
ഒരു താമരമൊട്ടും
വിരലിൽ തടഞ്ഞില്ല.
മുഖകാന്തിയെന്തിനെന്നു്
മുഖസ്തുതി പറയാത്ത
പരസ്യം ചോദിച്ചു.
കുനിഞ്ഞുനിൽക്കാനും
അറിയില്ലെങ്കിൽ
നഖമെന്തിനു്,-
കുഴി പോരേയെന്നു്
നഖസ്തുതിക്കാർ ചോദിച്ചു,
നഖം അടർന്നു് പോയതെന്നും
കുഴിമാത്രമായതെന്നും
അമ്പരക്കുകയായിരുന്നു അവൾ.
അപ്പോഴേക്കും
നഖമുള്ള വർഗ്ഗത്തിൽ
ജനിച്ചതിന്റെ ഓർമ്മപോലും
അവൾക്കു്
കൈമോശം വന്നിരുന്നു!.