(ചിന്ത ജന്മദിനപ്പതിപ്പു് 2002)
കിളുന്തു ചിരികൾ
കരിഞ്ഞു പൊടിയുന്ന
മരുഭൂമിയിലാണു് നാം.
ഉടൽ തൊട്ടാൽ ഉരഞ്ഞു കത്തുന്ന
മണൽത്തരികളുടെ
എരിയുന്ന മുരൾച്ചക്കകത്താണു് നാം.
ഭൂതങ്ങൾ കാവൽ നിൽക്കുമ്പോൾ
തൂവലനങ്ങാതെ
നമ്മുടെ കൊച്ചുമോഹങ്ങൾ കവച്ചുകടക്കും
മഴപ്പക്ഷിക്കു താഴെ
വിശപ്പിൽ കരയാനാവാതെ
വിഴുപ്പിൽ കിടന്നു പിടക്കുന്നു
നമ്മുടെ പൈതങ്ങൾ.
ഇവർ പിറന്ന ദിനങ്ങൾ
നാമെങ്ങനെ മറക്കും?
അവരുടെ കിളിക്കൊഞ്ചൽ
കരിനീല വനങ്ങളുടെ
മയിൽപ്പീലിക്കണ്ണുകളെന്നു്
മറക്കാൻ മാത്രം നാം തിര്യക്കുകളല്ല.
എന്നിട്ടും, ഇപ്പോഴിതാ
നദികൾ വിറങ്ങലിച്ചു നിൽക്കുന്നു,
നക്ഷത്രങ്ങൾ ഞരമ്പുപൊട്ടി
ധൂമകേതുക്കളാകുന്നു,
അണക്കെട്ടുകൾ ആകാശത്തേക്കു്,
അകം പൊരുളുകൾ
വെറും പതിരുകൾ!
കരിഞ്ചണ്ടികൾ കുതിർന്നടയുന്ന
മാളങ്ങൾക്കുമുമ്പിൽ
അരണകളായി നാം പകച്ചുനിൽക്കുന്നു.
പൂതപ്പാട്ടിൽ മതിമറന്ന
നമ്മുടെ കുഞ്ഞുങ്ങൾ,
ചോലക്കാറ്റിൽ ആടിത്തിമിർത്ത
നമ്മുടെ മരങ്ങൾ,
മാറു വെട്ടിപ്പൊളിച്ചു്
കരൾ പറിച്ചുതന്ന
നമ്മുടെ ദൈവങ്ങൾ,
അവരെ ചവിച്ചിക്കടക്കാൻ
കുഴിമാടങ്ങൾക്കു മീതെ
നമുക്കെന്തിനു് ഊടുവഴികൾ?
ഇരുട്ടിൽ തുറുകണ്ണുമായി
ആരോ ആളനക്കം പാത്തിരിപ്പുണ്ടു്-
കള്ളനോ കുറുനരിയോ സൈബർ പാപിയോ?
താഴ്‌വരയിൽ
പ്രളയജലം പല്ലിറുമ്മുന്നതു്
കേൾക്കാനാവുന്നുണ്ടു്,
പക്ഷേ,
ജലം വാർന്നുപോയി
വേരറുന്ന നമ്മുടെ ജന്മങ്ങൾ
ഒരുശാപം പോലുമല്ലത്രേ!
ജലസമാധിയുടെ
അലങ്കാര ചിഹ്നങ്ങൾ മാത്രം.