(ഭാഷാപോഷിണി, 2002)
പ്രാർത്ഥനയുടെ അവസാനം മാത്രം
സങ്കടങ്ങൾ ബോധിപ്പിക്കുക!”
ഇടനിലക്കാരൻ
വിളിച്ചുപറഞ്ഞു.
ചവർക്കും വാക്കുകൾ
മാതളക്കുരു(പ്പു്) പോലെ
എന്റെ നെഞ്ചറകളിൽ
തിങ്ങി ഞെരുങ്ങിയപ്പോഴും
തുടംവച്ചു പഴുത്തു പൊട്ടിയപ്പോഴും
ഞാൻ ശബ്ദിച്ചില്ല.
രോമകൂപങ്ങളിലൂടെ
രക്തമിറ്റിയതു്
അടിവസ്ത്രംകൊണ്ടു്
ആരുമറിയാതെ തൂത്തിറക്കി.
കോശതന്തുക്കളുടെ
അനാഹത മർമ്മരം
പെരുത്തു പെരുത്തു്
തൊണ്ടയിൽ വന്നു്
ഉരുണ്ടു കമ്പിച്ചു്
ഒന്നു പൊട്ടി.
“ശ്… ശ്ശ്… ശ്ശ്!”
ഇടനിലക്കാരന്റെ
ലിപിതെറ്റിയ കൺവെട്ടു്!
എനിക്കു് അമറാൻ തോന്നി:
മിണ്ടാൻപോലും കഴിഞ്ഞില്ല.
പ്രാർത്ഥനയുടെ
സ്വേദമാപിനിയിലൂടെ,
അണച്ചുയർന്നും
പിടഞ്ഞിറങ്ങിയും
ഒടുവിലൊടുവിൽ
ഞാനൊരു കാഴ്ച കണ്ടു:
ശലഭങ്ങൾക്കു് കൊമ്പു മുളച്ചു്
മദംപൊട്ടിയ ആനകളാവുന്നു!
കുരുവികൾക്കു് പല്ലു മുളച്ചു്
അലറുന്ന, കരടികളാവുന്നു!
കരിഞ്ഞതും ചീഞ്ഞഴുകിയതും
കുഴിമാടങ്ങളിൽ
ഭ്രാന്തായി പൂത്തുലയുന്നു!
ദൈവമേ!… ഞാൻ വിളിച്ചു.
തുളവീണ തൊണ്ടയിൽ
എന്നേക്കാൾ മൃദുവായ
അടഞ്ഞുടഞ്ഞ ഒരു തേങ്ങൽ!
പീഡനകാലത്തിന്റെ
ആക്രോശങ്ങളിൽ
എന്റെ മുതുകിലൂടെ
ആണും പെണ്ണും
നിരന്തരം സവാരി ചെയ്യുകയായി.
ഇടനെഞ്ചുപൊട്ടി
ദൈവം ചോദിച്ചു:
‘സ്ത്രീയേ, നീയും?!’
ഇടനിലകളിൽ എവിടെയോ
അവൾ കൊഴിഞ്ഞുപോയതു്
അപ്പോൾ ഞാനുമറിഞ്ഞു.