പീലി വിറപ്പിച്ചു
വിരണ്ടു നില്ക്കയാൽ
കാഴ്ചയിന്നെന്റെ
വ്യസനമായിരിക്കുന്നു.
നുണനേരുകൾ
മത്സരിച്ചു പൂത്ത
ഗോത്രസാനുവിലൂടെ
ചാഞ്ഞും ചെരിഞ്ഞും നോക്കി
മിഴിഞരമ്പുകളത്രയും
കെട്ടുപിണഞ്ഞുപോയി.
പ്രണയപുഷ്പത്തിൽ
പ്രപഞ്ചം തേടിയ
കൃഷ്ണശലഭങ്ങൾ
കാടിന്റെയും കടലിന്റെയും
രൗദ്രിമയിലേയ്ക്കു് പായുകയാണു്.
സരോജയുഗളമല്ല,
പുറംതിരിഞ്ഞു്
വാൽചുഴറ്റിനില്ക്കുന്ന
ഏറുപോത്തുകളാണു്
ഈറൻ വറ്റി
മുരണ്ടു നില്ക്കുന്ന കണ്ണുകൾ
തിരുവരങ്കന്റെ
കരിന്തുടിത്താളം മുറുകുമ്പോൾ
‘കിഴക്കോട്ടു പാഞ്ഞതു് [1]
കാട്ടുപോത്തായും പോയി
പടിഞ്ഞാട്ടു പാഞ്ഞതു്
കാഞ്ഞിപ്പോത്തായും പോയി’
ഐ.ടി.യും ടി.വി.യും
ഉഴുതുമറിക്കുന്ന [2] ഇ.ടി.വയലുകളിൽ
കളകളും
കളകളങ്ങളും മാത്രം.
പട്ടയം കൈമോശം വന്നവരുടെ
തർപ്പണം ഒലിച്ചുവറ്റിയ
പെടാപ്പാടുകൾ
ചരിത്രത്തിലില്ല.
കന്നിമണ്ണും പാണൻപാട്ടും
വഴിപിരിഞ്ഞ തിരുവരങ്ങിൽ
കർഷകരുടെ
വിതമറന്ന വിരലിൽ നോക്കി
അനുഗ്രഹദാതാവായ തമ്പുരാനും
അപാരതയിൽ പൊട്ടിച്ചിരിക്കുന്നു.
ഇപ്പോൾ
തമ്പുരാൻ ഉറങ്ങാറില്ല!
ലോൺമേളകൾക്കിടയിൽ
[3] പകിടകളിയും മറന്നിരിക്കുന്നു!
പാണൻ പാട്ടിൽ നിന്നു്: വിഷമുണ്ടു് ദീർഘനിദ്രയിലാണ്ട ശിവനെ ഉടുക്കു കൊട്ടി പാടിയുണർത്തിയ പാണനാർക്കു് കൃഷിചെയ്തു ജീവിക്കുന്നതിനായി ഭൂമിയും വിത്തും ഒരേറു പോത്തുകളും സമ്മാനമായി ലഭിച്ചു. കൃഷിചെയ്യാൻ അറിയാത്ത പാണനാർ പോത്തുകളെ കിഴക്കോട്ടും പടിഞ്ഞാട്ടും തിരിച്ചു നിർത്തി നുകം വെച്ചു.
എക്സ്ട്രാ ടെറസ്ട്രിയൽ.
‘ദൈവം പകിട കളിക്കാറില്ല’ എന്ന ഐൻസ്റ്റൈൻ വചനം.