(മാധ്യമം, 2001)
അധിവസിക്കേണ്ടവർ ആരെന്നു്
ആരാണു് പറയേണ്ടതു്?
ഇരുന്നവനോ,
ഈശ്വരനോ,
ഈയുള്ളവളോ?
ദൈവമേ!
നീയെന്നിൽ വസിക്കുമെങ്കിൽ
നിനക്കായി ഞാനെന്നിൽ
ഏറ്റവും നല്ല വീടു കെട്ടും.
അതു്
കാട്ടുമുളകളുടെയും
പനമ്പട്ടകളുടെയും
ഹരിതയൗവനം കൊണ്ടായിരിക്കും.
ഒപ്പം അതിന്റെ
ഞീളലും ഞറുമ്മലും കൂടി
ഉണ്ടാകുമെന്നതു് നേരു്!
ഉൽക്കടസ്നേഹംപോലെ
എന്നാത്മാവിന്റെ നാഡീബന്ധങ്ങളിൽ
നിനക്കെപ്പോഴും കയറിയിറങ്ങാം.
ഇടമുറിയാത്ത
പ്രണയാസുരതയിലൂടെ
എന്നെ ശുദ്ധീകരിക്കാം.
ഒപ്പം അതിന്റെ
വിങ്ങലും വിതുമ്മലും
ചിലപ്പോൾ പ്രളയവും
കൈയേൽക്കേണ്ടിവരുമെന്നതു് നേരു്!
ചിന്നംവിളിയിലൂടെ
നിലാവു് നൂറു തേച്ച അടിക്കാടുകളെ
ഗാന്ധർവത്തിനു് ക്ഷണിക്കാം.
വിസ്മൃതിയുടെയും വിരഹത്തിന്റെയും
കരിയിലക്കാടുകളിൽ
കാലം കിരുകിരുക്കുമെന്നതും നേരു്!
സ്വപ്നം കാണാനും ഓമനിക്കാനും
പേടിയാണെനിക്കു്.
സ്വർണസിംഹാസനങ്ങളുടെ
തീക്കട്ട പ്രൊജക്ഷനുകൾ
എനിക്കു്
സ്ഥലജലഭ്രമം വരുത്തുന്നു!
നീ കരുതിവെച്ചതെന്തെന്നു്
ഇപ്പോഴെങ്കിലും
എന്നോടു് പറയുക.
ഞാനതവരോടു്
ഉച്ചത്തിൽ,
ഉച്ചത്തിലുച്ചത്തിൽ
വിളിച്ചുപറയട്ടെ!
ഭൂമിയുടെ ഉപ്പാണു് ഞങ്ങളെന്നു്
അവരറിയട്ടെ!
ഇല്ലെങ്കിൽ,
അളവില്ലാതെ
നീ നൽകിയ ഭൂമികൾ
നീ തന്നെ പതിച്ചെടുക്കുക!
ഒപ്പം
ഈ സ്ത്രീകളെയും കുട്ടികളെയും
ഞങ്ങളുടെ നിറംകെട്ട ആണുങ്ങളെയും
ഏറ്റെടുക്കുക!
ഒരു വീടൊരുക്കി
ഒന്നു പ്രാർഥിക്കാൻ
എന്നു ഞങ്ങൾക്കാവും?