(മാതൃഭൂമി ആഴ്ചപ്പതിപ്പു്, 2001)
എനിക്കു മാത്രം കേൾക്കാം!
പരമാണുവിൽ നിന്നു്
പൊട്ടിപ്പരക്കുന്ന ആക്രന്ദനം പോലെ
പൊരിഞ്ഞു പിടിക്കുന്ന കരച്ചിൽ
എനിക്കു മാത്രം കേൾക്കാം!
കാതു പൊത്താൻ കൈകളില്ലാതെ
അംഗഭംഗം വന്ന
ആത്മവിശ്വാസത്തിന്റെ
അണുഭേദന യന്ത്രത്തിൽ
ഞാൻ നുറുങ്ങിപ്പൊടിഞ്ഞുകൊണ്ടിരിക്കുന്നു!
ചീവീടു പോലെ
കണ്ണുനീരില്ലാതെ
മാളത്തിനകത്തു്
ഒളിച്ചിരുന്നു്
ചീറിക്കരഞ്ഞവൾ,
പാതിയറുത്ത
പൈക്കിടാവിനെപ്പോലെ
കുടമണി തെറിപ്പിച്ചുകൊണ്ടു്
അമറിക്കരഞ്ഞവൾ,
ഇന്നു്
ശിശിരം ഞെട്ടുഞെരിച്ച
പാഴില പോലെ,
ശാപവചസ്സിൽ നെഞ്ചുടഞ്ഞുപോയ
മഞ്ഞുതുള്ളി പോലെ,
ഒരു വീർപ്പുപോലുമില്ല!
ഭ്രാന്തുകളുണ്ടെങ്കിലും
ഇവൾക്കു്
തടവറകളില്ലെന്നറിയുക!
അതിനാൽ
ഭൂമുഖത്തുള്ള കാന്താരങ്ങളിലെ
ഇരുട്ടു മുഴുവൻ
ഈ മുഖത്തു് വന്നടിയുന്നു.
അളന്നു കുറിക്കാത്ത
വിചാരങ്ങൾക്കു്
അവയവങ്ങളില്ല
അതിനാൽ,
അരിഞ്ഞെറിയുവാൻ
മൂക്കും മുലയുമില്ല!
പത്തനങ്ങളെരിക്കാൻ പോന്ന
സ്ഫോടനങ്ങൾ കെട്ടിവെച്ച
എന്തോ ഒന്നു്
നെഞ്ചിലിരിപ്പുണ്ടു്.
ടിക് - ടിക്, ടിക് - ടിക് !
വെപ്പുമീശയും
കളിവാളുമായി
നിരങ്കുശം നടന്നടുക്കല്ലേ!
എന്മകനേ, നിൽക്ക്, നിൽക്ക്!
ഞാൻ കരയുന്നതു്
നീയും കേൾക്കുന്നില്ലേ?